SignIn
Kerala Kaumudi Online
Sunday, 09 August 2026 3.51 AM IST

നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നവർ വിജയിക്കും: പ്രധാനമന്ത്രി

h

ന്യൂഡൽഹി: നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നവർ ജീവിതത്തിൽ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ഐ.ഐ.ടിയിലെ 57-ാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠിക്കാനുള്ള സഹജവാസന കാത്തുസൂക്ഷിക്കണം. ജീവിതത്തിൽ ജിജ്ഞാസ നിലനിറുത്തുകയെന്നത് പ്രധാനമാണ്.

ബിരുദങ്ങൾ കേവലം അക്കാഡമിക് വിജയത്തിനും അപ്പുറമാണ്. രാജ്യത്തിന് തങ്ങളുടേതായ സംഭാവനകൾ നൽകാനുള്ള ഉത്തരവാദിത്വം യുവജനങ്ങൾക്കുണ്ട്. ബിരുദം നേടുന്നവർ തങ്ങളുടെ സഹപാഠികളെയും പ്രൊഫസർമാരെയും സ്വന്തം കുടുംബത്തെപ്പോലെ കരുതണം. സ്വയം മെച്ചപ്പെടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മാനസികവും ശാരീരികവുമായ ക്ഷേമത്തിനും മുൻഗണന നൽകണം. രാജ്യത്ത് യുവാക്കൾക്കായി പുതിയ മേഖലകൾ ഉയർന്നുവരികയാണ്.

സാമ്പത്തിക, സാങ്കേതിക, വ്യാവസായിക മേഖലകളിൽ ഉൾപ്പെടെ സ്വാശ്രയത്വം കൈവരിക്കാനാണ് ഇന്ന് ഇന്ത്യ പരിശ്രമിക്കുന്നത്. 'വികസിത ഭാരതത്തിനായി' ശക്തമായ അടിത്തറയൊരുക്കുകയാണ്. സാമൂഹിക മാദ്ധ്യമങ്ങളിെലെ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളിൽ വീഴരുത്. തങ്ങളുടെ ശമ്പളമോ ജോലിയോ സ്റ്റാർട്ടപ്പ് നേട്ടങ്ങളോ സഹപാഠികളുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും മോദി വിദ്യാർത്ഥികളോട് പറഞ്ഞു. 3000ൽപ്പരം വിദ്യാർത്ഥികളാണ് ഇന്നലെ ബിരുദം നേടിയത്. മോദി 9 പേർക്ക് സ്വർണ മെഡൽ സമ്മാനിച്ചു.

വൻസുരക്ഷാ സന്നാഹത്തിൽ നീരസം

മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്യാമ്പസിൽ അതിവിപുലമായ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്. ഡൽഹി പൊലീസിന് പുറമെ കേന്ദ്രസേനയെയും ഇറക്കി. ബാരിക്കേഡുകളടക്കം സജ്ജീകരണങ്ങൾ നിരത്തി. പലതവണ തിരിച്ചറിയൽ കാർഡുകളും ബാഗുകളും പരിശോധിച്ചതിൽ വിദ്യാർത്ഥികൾ നീരസം പ്രകടിപ്പിച്ചു. ചടങ്ങ് നടന്ന ഹാളിൽ മൊബൈൽ ഫോണിന് വിലക്കേ‌ർപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PM MODI, NATIONAL NEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360