
മുംബയ്: മുംബയ് സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകണം. ഈ കാലയളവിൽ ശേഖരിച്ച തുകയിലെ മാറ്റങ്ങൾ കണ്ടെത്തണം. കഴിഞ്ഞ ദിവസം സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ ഫഡ്നാവിസിനെ കണ്ട് 2023 മുതൽ 2026 വരെയുള്ള ക്ഷേത്രത്തിന്റെ സംഭാവന വിവരങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെയാണിത്.
ക്രമക്കേടുകൾ കണ്ടെത്തിയതോടെ ഒമ്പത് ജീവനക്കാർക്കെതിരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കി. പിന്നാലെ ക്ഷേത്ര സംഭാവനയിൽ വർദ്ധനയുണ്ടായെന്നും ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ സദാ സർവാങ്കർ പറഞ്ഞു. ആഴ്ചയിൽ 50 ലക്ഷത്തോളം രൂപ ലഭിച്ചിരുന്നത് 75 ലക്ഷം മുതൽ 95 ലക്ഷം രൂപ വരെ ഉയർന്നു. അതേസമയം,തിരക്കേറിയ സമയങ്ങളിൽ കലക്ഷൻ ഏകദേശം 1.5 കോടിയിലെത്തിയെന്നും റിപ്പോർട്ടുണ്ട്. ഇതിന് പുറമേ സംഭാവന പെട്ടിയിലിടുന്നതിന് പകരം പൂജാരിമാർക്ക് പണം നേരിട്ട് നൽകുന്നതായും ട്രസ്റ്റ് കണ്ടെത്തി.
കാണിക്കപ്പണത്തിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ക്ഷേത്ര ജീവനക്കാർ സംഭാവനകളിൽ നിന്ന് ഓരോ വർഷവും ഏകദേശം 18 കോടി വീതം തട്ടിയെടുക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറെയും ആരോപിച്ചു. പിന്നാലെയാണ് മുംബയിലെ സിദ്ധിവിനായക ക്ഷേത്രവും സംഭാവന കൊള്ളയുടെ നിഴലിലായത്. ഈ വർഷം 182 കോടിയാണ് ക്ഷേത്രത്തിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 137 കോടിയായിരുന്നു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കണക്കുകളിൽ വൈരുധ്യം കണ്ടെത്തിയതിനാൽ ക്ഷേത്ര ട്രസ്റ്റും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. പ്രതിവർഷം 180 കോടിയിലധികമാണ് ക്ഷേത്രത്തിലെ വരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |