
ന്യൂഡൽഹി: പ്രതിരോധരംഗത്ത് പുതിയ ചുവടുവയ്പുമായി ഇന്ത്യ. ആറാം തലമുറ യുദ്ധവിമാനം നിർമ്മിക്കാൻ ഫ്രാൻസിനൊപ്പം പങ്കാളിയാകാനാണ് നീക്കം.
റഷ്യയുടെ അഞ്ചാം തലമുറ സ്‌റ്റെൽത്ത് വിമാനമായ 'സുഖോയ് എസ്.യു-57" വാങ്ങാതെ ഫ്രാൻസിന്റെ ഫ്യൂച്ചർ കോംപാക്ട് എയർ സിസ്റ്റം (എഫ്.സി.എ.എസ് ) പദ്ധതിയുമായി മുന്നോട്ടുപോകാനാണ് നീക്കം. ഇക്കാര്യം പ്രതിരോധമന്ത്രാലയം ഇന്നലെ പാർലമെന്ററി പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയെ അറിയിച്ചു.
സ്വന്തം അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംപാക്ട് എയർക്രാഫ്റ്റ് (എ.എം.സി.എ) പദ്ധതി വേഗത്തിലാക്കാനും തീരുമാനിച്ചു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനുപകരം യുദ്ധവിമാനങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്ന പദ്ധതിക്കാണ് ഇനി പരിഗണനയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇതിനായി ഫ്രഞ്ച് കമ്പനിയായ സാഫ്രാനുമായി ചേർന്ന് 110 കിലോ ന്യൂട്ടൺ എൻജിൻ വികസിപ്പിച്ചുവരികയാണ്. നിലവിലുള്ള 260 സുഖോയ് എസ്.യു-30 എം.കെ.ഐ വിമാനങ്ങൾ 'സൂപ്പർ സുഖോയ് " നിലവാരത്തിലുയർത്തും.
2040ൽ പ്രവർത്തന സജ്ജമാകും
വിപണിയോ പണം മുടക്കുന്ന പങ്കാളിയോ മാത്രമാകാതെ സാങ്കേതികവിദ്യയും സോഴ്സ് കോഡുകളും പൂർണമായും പങ്കിടുമെങ്കിലേ പദ്ധതിയിൽ ഇന്ത്യ ഒപ്പുവയ്ക്കൂ. മനുഷ്യ നിയന്ത്രണത്തിലുള്ള യുദ്ധവിമാനങ്ങൾക്കൊപ്പം സ്വയം നിയന്ത്രിത ഡ്രോണുകൾ (ലോയൽ വിംഗ്‌മെൻ), എ.ഐ അധിഷ്ഠിത കോമ്പാക്ട് ക്ലൗഡ് നെറ്റ്‌വർക്കിംഗ്, അഡ്വാൻസ്ഡ് സ്‌റ്റെൽത്ത് സാങ്കേതിക വിദ്യ എന്നിവയടങ്ങുന്നതാണ് പദ്ധതി. പദ്ധതി യാഥാർത്ഥ്യമായാൽ 2040 ഓടെ പ്രവർത്തനസജ്ജമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |