
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം അടക്കം വിശ്വാസ വിഷയങ്ങളിൽ സുപ്രീംകോടതി 9 അംഗ ഭരണഘടനാബെഞ്ച് ഒക്ടോബർ ആദ്യവാരം വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അക്കാര്യം ഇന്നലെ സൂചിപ്പിച്ചു. ബീഹാറിലെ ബോധ്ഗയ ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ശബരിമല വിധിക്കുശേഷം ഈ കേസ് പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതികരണം.
മതസ്വാതന്ത്ര്യം,അവകാശം,വിശ്വാസം,ആചാരം എന്നിവയുമായി ബന്ധപ്പെട്ട ഏഴു പരിഗണനാവിഷയങ്ങളിൽ 16 ദിവസത്തോളം മാരത്തൺ വാദം നടന്നിരുന്നു. കഴിഞ്ഞ മേയ് 14നാണ് വിധി പറയാൻ മാറ്റിയത്. ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മം,സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്‌ത പാഴ്സി വനിതയെ അവരുടെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാത്തത് തുടങ്ങിയവ ചോദ്യം ചെയ്‌ത ഹർജികളിലും വാദം കേട്ടിരുന്നു. ഭരണഘടനാബെഞ്ചിന്റെ വിധിക്കുശേഷമാകും, ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാഹർജികളിൽ അഞ്ചംഗ ബെഞ്ച് വാദം കേൾക്കുന്നത്.
വിധി പറയുന്ന ഏഴ് വിഷയങ്ങൾ
1. ഭരണഘടനയുടെ അനുച്ഛേദം 25ലെ മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ വ്യാപ്തിയും പരിധിയും
2. അനുച്ഛേദം 25ൽ പറയുന്ന വ്യക്തി അവകാശങ്ങളും, അനുച്ഛേദം 26ൽ പറയുന്ന പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശവും തമ്മിലുള്ള ബന്ധം
3. മതത്തിലെ പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശങ്ങൾ, സമത്വം അടക്കം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ പാർട്ട് മൂന്നിന് വിധേയമാണോ
4. അനുച്ഛേദം 25ഉം, 26ഉം പ്രകാരം ധാർമ്മികത എന്ന വാക്കിന്റെ പരിധി. അതിൽ ഭരണഘടനാധാർമികത ഉൾപ്പെടുമോ
5. മതാചാരങ്ങൾ എത്രത്തോളം ജുഡിഷ്യൽ പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ സാധിക്കും
6. അനുച്ഛേദം 25(2) ബിയിൽ പറയുന്ന ഹിന്ദുമതത്തിലെ വിഭാഗങ്ങൾ എന്നതിന്റെ അർത്ഥമെന്ത്
7. മറ്റു വിശ്വാസ സമൂഹത്തിലുള്ളവർക്ക് അവരുടേതല്ലാത്ത വിശ്വാസ സമൂഹങ്ങളുടെ ആചാരത്തെ പൊതുതാത്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |