
റായ്പൂർ: മാവോയിസ്റ്രുകളുടെ കോട്ട എന്നറിയപ്പെടുന്ന ഛത്തീസ്ഗഢിലെ ബസ്തറിലുള്ള കൊടുംവനം. അവിടെ
തോക്കും ആയുധങ്ങളുമായി സംഘർഷപാതയിൽ നടന്ന ഒരുകൂട്ടം സ്ത്രീകൾ. കഴിഞ്ഞ ദിവസം കൈത്തറി സാരിയുടെ തുമ്പും പിടിച്ച് ആത്മവിശ്വാസത്തോടെ അവർ നടന്നു ഫാഷൻ റാംപിലൂടെ. കീഴടങ്ങുന്ന നിരവധി മാവോയിസ്റ്റുകളെ കുറിച്ച് അടുത്തിടെ നാം കേൾക്കുന്നുണ്ട്. എന്നാൽ അവർ എവിടെ പോകുന്നു. അവർക്കുവേണ്ടി സർക്കാർ എന്തുചെയ്യുന്നു. അതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് റായ്പൂരിൽ സംഘടിപ്പിച്ച ട്രൈബൽ ഫാഷൻ ഷോ. പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ ഓഡിറ്റോറിയത്തിൽ, മനോഹരമായ കോസ സിൽക്ക്, കൈത്തറി വസ്ത്രങ്ങള ണിഞ്ഞ് ആ പ്രദേശത്തിന്റെ വസ്ത്രനിർമ്മാണ പാരമ്പര്യം പ്രദർശിപ്പിച്ച സ്ത്രീകൾക്ക് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. സംഘർഷഭരിതമായ ജീവിതം ഉപേക്ഷിച്ച് മുഖ്യധാരയിലേക്കുവന്ന സ്ത്രീകൾക്ക് ശാക്തീകരണത്തിന്റെ റാംപ് വാക്കുകൂടിയായിരുന്നു അത്. സമൂഹ മാദ്ധ്യമങ്ങളിൽ വൻ സ്വീകരണമാണ് ഇവരുടെ റാംപ് വാക്ക് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പരിപാടിയിൽ പങ്കെടുത്തവരുമായി സംവദിക്കുകയും അവരുടെ പുതിയ തുടക്കത്തിന് ആശംസകൾ നേരുകയും ചെയ്തു.
ബസ്തർ ഇപ്പോൾ മാവോയിസ്റ്റുമുക്തമായെന്നും മേഖലയിൽ വികസനം ആവശ്യമാണെന്നും വിഷ്ണുദേവ് സായ് പറഞ്ഞു.
ബസ്തറിന്റെ വികസനത്തിന് റോഡ് കണക്ടിവിറ്റി ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കീഴടങ്ങിയ പല മാവോയിസ്റ്റുകളും ഇപ്പോൾ പുതിയ തൊഴിൽമേഖലകൾ കെട്ടിപ്പടുക്കുന്നു. വിവിധ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയോ, സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയോ ചെയ്യുന്നു. ഒരുകാലത്ത് തങ്ങൾക്ക് അപ്രാപ്യമായിരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |