
ന്യൂഡൽഹി: പരീക്ഷാനടത്തിപ്പിൽ പരിഷ്ക്കാരങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി. ക്രമക്കേടുകൾ തടയാനും പരീക്ഷാ സംവിധാനം സുതാര്യവും സുരക്ഷിതവുമാക്കാനും വേണ്ടിയാണിത്. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും 35 വയസിന് താഴെയുള്ളവരാണ്. വിലയേറിയ സമ്പത്താണവർ. യുവ സംരംഭകരുടെ പങ്കാളിത്തം രാജ്യത്ത് ശക്തമായ സ്റ്റാർട്ടപ്പ് അന്തരീക്ഷമൊരുക്കി. വിദ്യാർത്ഥികളാണ് ഭാവിയുടെ ശിൽപികൾ. ദേശീയ സുരക്ഷ ഉറപ്പാക്കാൻ സർക്കാരും സമൂഹവും ഒറ്റക്കെട്ടായി നിൽക്കേണ്ടതുപോലെ തന്നെ, വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ സംയുക്തവും ഏകോപിതവുമായ പരിശ്രമങ്ങളിലൂടെ എല്ലാവരും സംഭാവന നൽകേണ്ടതുണ്ട്. യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമമാണ് രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ. ഇന്ത്യ-പാക് വിഭജനത്തിന്റെ ഫലമായുണ്ടായ അക്രമങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ട ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഓർക്കുന്നു. ആധുനിക ഇന്ത്യയുടെ ഐക്യത്തിന്റെ ശിൽപിയായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പവിത്രമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
കുറച്ചു വർഷങ്ങളായി ദേശീയതലത്തിൽ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകിയിട്ടുണ്ട്. 25 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. 'പ്രധാൻമന്ത്രി ജൻ ധൻ യോജന'യ്‌ക്കു കീഴിൽ,ഏകദേശം 59 കോടി അക്കൗണ്ട് ഉടമകൾ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമായി. ഇതിൽ 32 കോടിയിലധികം അക്കൗണ്ട് ഉടമകൾ സ്ത്രീകളാണ്. 80 കോടിയിലധികം ആളുകൾക്ക് സൗജന്യ റേഷൻ നൽകിക്കൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചെടുത്തുവെന്നും ദ്രൗപദി മുർമു ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ അഭിസംബോധയ്‌ക്ക് മുൻപും ശേഷവും വന്ദേമാതരം പൂർണമായും സംപ്രേഷണം ചെയ്‌തു. ജനഗണമനയോടെയാണ് അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |