
പാരീസ്: ഫ്രാൻസിലെ ഗ്രാവ്‌ലീൻസ് ആണവ നിലയത്തിന് തലവേദന സൃഷ്ടിച്ച് ജെല്ലിഫിഷ് കൂട്ടം. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ ഇവിടുത്തെ യൂണിറ്റുകൾ തണുപ്പിക്കാൻ ഉപയോഗിക്കുന്ന പമ്പുകളിൽ ജെല്ലിഫിഷുകൾ കുടുങ്ങുകയായിരുന്നു. ഇൻടേക്ക് പൈപ്പുകളും ഫിൽട്ടറുകളും ജെല്ലിഫിഷുകൾ കയറി അടഞ്ഞുപോവുകയും ശീതീകരണ ജലത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും ചെയ്തു. ഇതോടെ നിലയം ഭാഗികമായി അടച്ചു.
മുമ്പും ഇതേ ആണവനിലയത്തിൽ ജെല്ലിഫിഷുകൾ കാരണം പ്രവർത്തനം നിറുത്തിവയ്ക്കേണ്ടിവന്നിരുന്നു. നിലവിൽ നിലയത്തിലെ ആറ് റിയാക്ടറുകളിൽ ഒന്ന് മാത്രമാണ് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നത്. 900 മെഗാവാട്ടിന്റെ ആറ് റിയാക്ടറുകളിൽ മൂന്നെണ്ണം പൂർണ്ണമായും ഓഫാക്കി. ഒരെണ്ണത്തിന്റെ ഉത്പാദനം പകുതിയായി കുറച്ചു. മറ്റൊന്ന് നേരത്തെ തന്നെ അറ്റകുറ്റപ്പണികൾക്കായി ഓഫാക്കി വച്ചിരിക്കുകയായിരുന്നു. നിലവിൽ നിലയത്തിന്റയോ ജീവനക്കാരുടെയോ സുരക്ഷയ്ക്ക് ഭീഷണിയില്ല.
പ്ലാന്റിന്റെ പ്രവർത്തനം പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ജീവനക്കാർ. വടക്കൻ കടലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കനാലിൽ നിന്നാണ് നിലയത്തിലേക്കുള്ള ശീതീകരണ ജലം എത്തിക്കുന്നത്. വിവിധ ഇനം സ്പീഷീസിലെ ജെല്ലിഫിഷുകളുടെ ആവാസ കേന്ദ്രമാണ് വടക്കൻ കടൽ. ഇവയെ അകറ്റി നിറുത്താനുള്ള സംവിധാനങ്ങളുണ്ടെങ്കിലും സവിശേഷമായ ശരീര ഘടന മൂലം ശീതീകരണ ശൃംഖലകളിലേക്ക് ഇക്കൂട്ടർ നുഴഞ്ഞു കയറുന്നത് പതിവാണ്.
റിയാക്ടറുകളെ തണുപ്പിക്കാൻ ആണവ പ്ലാന്റുകളിൽ ശീതീകരണ ജലം അനിവാര്യ ഘടകമാണ്. ശീതീകരണ ജലം ലഭിച്ചില്ലെങ്കിൽ റിയാക്ടറുകൾ അമിതമായി ചൂടാകും. ഇത് തടയാനാണ് പ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |