
ന്യൂഡൽഹി: കഴിഞ്ഞ ജൂണിൽ നടന്ന യു.ജി.സി നെറ്ര് പരീക്ഷയിൽ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ നിരവധി പിശകുകൾ കടന്നുകൂടിയെന്ന് സമ്മതിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ). ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിലാണിത്. ഇവയുടെ പുന:പരീക്ഷയ്ക്കുള്ള തീയതികളും പ്രഖ്യാപിച്ചു.
നീറ്ര് യു.ജി ചോദ്യപേപ്പർ ചോർച്ചയിലെ വിദ്യാർത്ഥി പ്രക്ഷോഭവും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും ഏറെ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് എൻ.ടി.എയെ നാണക്കേടിലാക്കിയ ഈ സംഭവവും. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് രൂപീകരിച്ച സമിതി ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകളും വസ്തുതാപരമായ തെറ്റുകളും വിവർത്തനത്തിലെ പിശകുകളും കണ്ടെത്തുകയായിരുന്നു.
സെപ്തംബർ 9ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ഇംഗ്ളീഷും വൈകിട്ട് 3 മുതൽ 6വരെ കൊമേഴ്സും 10ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 സോഷ്യോളജിയിലുമാണ് പുന:പരീക്ഷ. അധിക ഫീസ് ഈടാക്കില്ല. അഡ്‌മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും. സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്), പിഎച്ച്.ഡി പ്രവേശനത്തിനുമാണ് യു.ജി.സി നെറ്റ് പരീക്ഷ.
87 വിഷയങ്ങളിലായിരുന്നു പരീക്ഷ. മൂന്ന് പുന:പരീക്ഷാ വിഷയങ്ങളൊഴികെ മറ്റുള്ളവയുടെ ഫലപ്രഖ്യാപനം യഥാസമയം നടത്തും. ചോദ്യപേപ്പർ ചോർന്നുവെന്ന സംശയത്തിൽ 2024 ജൂണിൽ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷയും റദ്ദാക്കി പുന:പരീക്ഷ നടത്തിയിരുന്നു.
വ്യാകരണപ്പിശക്, ആവർത്തനം
ചോദ്യപേപ്പറുകളിൽ പ്രമുഖ പണ്ഡിതരുടെ പേരുകളും പുസ്തക ശീർഷകങ്ങളുമടക്കം തെറ്റായാണ് അച്ചടിച്ചിരുന്നത്. വ്യാകരണ പിശകുകളും തെറ്റായ ചിഹ്‌നങ്ങളും നിലവാരമില്ലാത്ത പദങ്ങളും ഉണ്ടായിരുന്നു. പഴയ ചോദ്യപേപ്പറുകളിൽ നിന്ന് കൂട്ടത്തോടെ ചോദ്യങ്ങൾ ആവർത്തിച്ചു.
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
പിശകുകൾ കണ്ടെത്തിയ മൂന്ന് വിഷയങ്ങൾ ഒഴികെ യു.ജി.സി നെറ്റ് പരീക്ഷയുടെ 84 വിഷയങ്ങളുടെ പ്രൊവിഷണൽ ഉത്തരസൂചിക പുറത്തിറക്കി. പെരുത്തക്കേട് കണ്ടെത്തിയാൽ വിദ്യാർത്ഥികൾക്ക് ഒരു ചോദ്യത്തിന് 200 രൂപ ഫീസടച്ച് 18 രാത്രി 11.59 വരെ അപേക്ഷിക്കാം.
ഇവ പരിശോധിച്ച് അന്തിമ ഉത്തരസൂചിക പിന്നീട് പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |