SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

വന്ദേമാതരം: രാഷ്ട്രീയം കത്തുന്നു, സോണിയയ്‌ക്കെതിരെ പരാതി

1

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ, കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിക്കുന്നത് തടയാൻ പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ടെന്ന ആരോപണം രാഷ്ട്രീയ വിവാദമാക്കി ബി.ജെ.പി. സോണിയയ്‌ക്കെതിരെ ഡൽഹിയിലും മംഗലാപുരത്തും ബി.ജെ.പി പരാതി നൽകി. സോണിയ ഗാന്ധി നിരുപാധികം മാപ്പ് പറയണമെന്ന് വന്ദേമാതരം രചിച്ച ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ബന്ധുവും പശ്ചിമബംഗാളിലെ ബി.ജെ.പി എം.എൽ.എയുമായ സുമിത്രോ ചാറ്റർജി ആവശ്യപ്പെട്ടു.

എ.ഐ.സി.സി ആസ്ഥാനത്ത് നടന്നത് ചരിത്രപരമായ തെറ്റിന്റെ ലജ്ജാകരമായ ആവർത്തനമാണെന്ന് സോണിയയ്‌ക്ക് അയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 1937-ൽ മുഹമ്മദ് അലി ജിന്നയുടെ എതിർപ്പുകൾക്ക് വഴങ്ങി വന്ദേമാതരം വെട്ടിച്ചുരുക്കിയ പാർട്ടി വീണ്ടും തെറ്റ് ആവർത്തിക്കുന്നു. ഗാനത്തെ ബഹുമാനിക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ ബഹുമാനിക്കുന്നതിന് തുല്യമാണെന്നും സുമിത്രോ പറഞ്ഞു.

ജനം പൊറുക്കില്ല: അമിത് ഷാ

വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി കോൺഗ്രസ് ചെയ്‌തത് ലജ്ജയില്ലാത്ത നടപടിയാണ്. ആ പാപം രാജ്യത്തെ 140‌ കോടി ജനങ്ങൾ പൊറുക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജസ്ഥാനിലെ ചിറ്റോർഗഢിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 21 അടി പ്രതിമ അനാച്ഛാദനം ചെയ്യവേ പറഞ്ഞു. സോണിയ രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടിസ്ഥാനം പുതിയ നിയമം

വന്ദേമാതരം ആലാപനം തടയുന്നത് കുറ്റകരമാക്കുന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടകയിലെ ബി.ജെ.പി നേതാവ് വികാസ് പുത്തൂർ മംഗളൂരു ഉർവ പൊലീസിൽ പരാതി നൽകിയത്. നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും വികാസ് അറിയിച്ചു. സോണിയയ്‌ക്കെതിരെ ഡൽഹി ഐ.പി എസ്‌റ്റേറ്റ് പൊലീസ് സ്റ്റേഷനിലും പരാതി വന്നു. സോണിയ വന്ദേമാതരം ആലപിക്കുന്നത് നിറുത്താൻ ആവശ്യപ്പെട്ടില്ലെന്നും അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് കസേര നൽകുന്ന കാര്യമാണ് സംസാരിച്ചതെന്നുമുള്ള കോൺഗ്രസ് വാദം ബി.ജെ.പി തള്ളി. ഗാനം പൂർണമായി ആലപിച്ചതിനെ കുറിച്ച് രാഹുൽ ഗാന്ധി സേവാദൾ അദ്ധ്യക്ഷൻ ബി.വി.ശ്രീനിവാസിനോട് ചോദിക്കുന്ന വീഡിയോ ബി.ജെ.പി പുറത്തുവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONIYA, VANDEMATARAM, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360