
മുംബയ്: ചിലങ്കയുടെയും പൊട്ടിച്ചിരിയുടെയും ശബ്ദം മുഴങ്ങുന്നു. ഇടനാഴികളിൽ കൊലുസിന്റെ ശബ്ദവും പൊട്ടിച്ചിരിയും കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. അസ്വാഭാവികമായ ശബ്ദങ്ങളും സ്ത്രീകളുടെ കരച്ചിലും. ഭയന്നുവിറച്ചു കഴിയുകയാണ് അമരാവതിയിലുള്ള ആദിവാസി സ്‌കൂളിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ. സ്കൂളിലാകെ വാർത്ത പരന്നോടെ കുട്ടികൾക്കിടയിൽ ഭയം ഇരട്ടിയായി. പ്രേതബാധയാണെന്ന് രക്ഷിതാക്കളും പേടിച്ചു.
പിന്നാലെ സമീപത്തെ ഹോസ്റ്റലിലെ ആൺകുട്ടികൾ ഉൾപ്പെടെ 608 വിദ്യാർത്ഥികൾ ബോർഡിംഗ് സ്‌കൂൾ വിട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങി. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ള ഗോത്രവർഗ മേഖലയായ മെൽഘട്ടിലെ സർക്കാർ ആശ്രമം സ്‌കൂളിലാണ് സംഭവം.
എന്നാൽ പ്രേതമല്ലെന്നും 'മാസ് സൈക്കോജെനിക് ഇൽനസ്' അല്ലെങ്കിൽ 'മാസ് ഹിസ്റ്റീരിയ' (കൂട്ടമായുണ്ടാകുന്ന മാനസികാസ്വാസ്ഥ്യം) ആണെന്നും ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു. പരീക്ഷപ്പേടി, കടുത്ത മാനസിക സമ്മർദ്ദം, ഹോം സിക്നസ് എന്നിവ ഒരു വിഭാഗത്തിനുണ്ടാക്കുന്ന ഉത്കണ്ഠയും ഭയവും പകർച്ചവ്യാധിപോലെ മറ്റുള്ളവരിലേക്ക് പടരുന്ന അവസ്ഥ. അമാനുഷിക സംഭവങ്ങളല്ലെന്നും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവസ്ഥയാണെന്നും സ്‌കൂൾ അധികൃതരും പറയുന്നു. സ്കൂൾ പരിസരത്തുള്ള മരം മുറിച്ചതിനെത്തുടർന്നാണ് ഈ സംഭവങ്ങളുണ്ടായതെന്ന രക്ഷിതാക്കളുടെ വാദം ഹെഡ്മാസ്റ്റർ സഞ്ജയ് ചൗധരി നിഷേധിച്ചു. കുട്ടികൾക്കായി പ്രത്യേക കൗൺസിലിംഗ് ആരംഭിച്ചിട്ടുണ്ട്. ഭയം അകറ്റി വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടപ്പോൾത്തന്നെ കൗൺസിലിംഗ് നൽകുന്നതിലുണ്ടായ വീഴ്ചയാണ് ഭയം പടരാൻ കാരണമായതെന്ന് അധികൃതർ പറയുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളും ബോധവത്കരണവും കൗൺസിലിംഗുമായി രംഗത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |