
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥി പ്രതിഷേധവും ഉയർത്തി പാർലമെന്റിൽ കേന്ദ്ര സർക്കാരിനുമേൽ ചെലുത്തിയ സമ്മർദ്ദം പുറത്തും ശക്തമാക്കാൻ കോൺഗ്രസ്. ഇന്ന് വൈകിട്ട് മൂന്നിന് ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ ഭാവി തന്ത്രങ്ങൾ ചർച്ച ചെയ്യും. ചോദ്യപേപ്പർ ചോർച്ച വിഷയം ഏറ്റെടുക്കാനും ജന്തർ മന്ദറിലെ സമരത്തിനെതിരെയുണ്ടായ പൊലീസ് നടപടി കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കാനും സാധിച്ചത് രാഷ്‌ട്രീയ വിജയമായാണ് കോൺഗ്രസ് വിലയിരുത്തൽ. പെല്ലറ്റ് ഗൺ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയാത്ത സാഹചര്യത്തിൽ പാർലമെന്റിന് പുറത്തുംപ്രക്ഷോഭം തുടരും.
സഖ്യകക്ഷിയായ ജെ.എം.എം ഭരിക്കുന്ന ജാർഖണ്ഡിലെ പി.എസ്.സി റിക്രൂട്ട്മെന്റിനെതിരായ പ്രക്ഷോഭം പിൻവലിച്ചതും എൻ.ടി.എ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതും കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ നിർണായകമാണ്. അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള തന്ത്രങ്ങളും ചർച്ചയാകും. അയോദ്ധ്യ സംഭാവനകൊള്ളയും ശക്തമായി ഉന്നയിക്കും.
എല്ലാ സംസ്ഥാനങ്ങളിലും രാഹുലിന്റെ സംവാദം
വിദ്യാർത്ഥികളുമായി രാഹുൽ ഗാന്ധി നേരിട്ട് നടത്തുന്ന 'ഛാത്രോം കീ ഗൂംഞ്ച്" സംവാദ പരിപാടി എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളകൗമുദിയോട് പറഞ്ഞു. യുവാക്കളുടെ പ്രശ്‌നങ്ങളെക്കുറിച്ച് നേരിട്ട് സംവദിക്കുന്ന രാഹുലിന്റെ പരിപാടി ഹിറ്റായിക്കഴിഞ്ഞു. 22ന് പൂനെയിൽ നടക്കുന്ന സംവാദത്തിൽ പെൺകുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ രാഹുൽ ചർച്ച ചെയ്യുമെന്നും വേണുഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |