
ന്യൂഡൽഹി: സ്ത്രീധന പീഡന മരണക്കേസുകളിൽ കുറ്റപത്രം ലഭിച്ച് 90 ദിവസത്തിനകം കീഴ്ക്കോടതികൾ വിചാരണ നടപടികൾ ആരംഭിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിലെ പ്രോസിക്യൂഷൻ നടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ മാർഗരേഖയും പുറപ്പെടുവിച്ചു.
രാജ്യത്ത് സ്ത്രീധന നിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സ്ത്രീധനം ആവശ്യപ്പെടുന്നവരും നൽകുന്നവരും ശിക്ഷാനടപടികൾക്ക് വിധേയരാകാതെ രക്ഷപ്പെടുന്നു. നിയമനിർമ്മാണസഭകൾ, നീതിന്യായ വ്യവസ്ഥ, നിയമപാലന ഏജൻസികൾ, സിവിൽ സൊസൈറ്റി സംഘടനകൾ തുടങ്ങി എല്ലാ ഭാഗത്തു നിന്ന് ഊർജ്ജിത ശ്രമങ്ങൾ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ സ്ത്രീധനപീഡനമരണക്കേസ് പരിഗണിക്കവെയാണ് നിർദ്ദേശങ്ങൾ.
മറ്റ് നിർദ്ദേശങ്ങൾ
1.സ്ത്രീധന നിരോധനം കാര്യക്ഷമമായി നടപ്പാക്കാനുള്ള ഓഫീസർമാരുടെയും കുടുംബ കൗൺസിലിംഗ് കേന്ദ്രങ്ങളുടെയും അടക്കം പ്രവർത്തനം കാര്യക്ഷമമാക്കണം
2.ബോധവത്‌കരണ ക്യാമ്പയിനുകൾ നടത്തണം
3.കേസുകൾക്ക് മുൻഗണന നൽകി, വിചാരണക്കോടതികൾ പരിഗണിക്കണം
4.അനാവശ്യമായി കേസുകൾ മാറ്റിവയ്‌ക്കരുത്
5.കേസുകൾ വിചാരണക്കോടതികൾ വേഗത്തിൽ തീർപ്പാക്കുന്നുവെന്ന് ഹൈക്കോടതികൾ ഉറപ്പാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |