SignIn
Kerala Kaumudi Online
Sunday, 16 August 2026 9.52 PM IST

ഇരട്ട സെഞ്ച്വറിക്ക് തൊട്ടരികെ പടിക്കൽ മടങ്ങി; ശ്രീലങ്ക ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് മേൽക്കൈ

devdutt-padikkal-
ദേവദത്ത് പടിക്കൽ

ഗാൾ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 460 റൺസെന്ന ശക്തമായ നിലയിൽ. കൂറ്റൻ സ്‌കോറിലേക്ക് നീങ്ങിയ ഇന്ത്യക്ക് ദേവദത്ത് പടിക്കലിന്റെ ഇരട്ട സെഞ്ച്വറി നഷ്ടമായെങ്കിലും ധ്രുവ് ജുറേലിന്റെ അർദ്ധസെഞ്ച്വറി തുണയായി. കുൽദീപ് യാദവ് ( 12), പ്രസിദ്ധ് കൃഷ്ണ ( 1) എന്നിവരാണ് നിലവിൽ ക്രീസിൽ. ആദ്യ ദിനം 131 റൺസുമായി പുറത്താകാതെ നിന്ന പടിക്കൽ രണ്ടാം ദിനം മികച്ച ബാറ്റിംഗ് തുടർന്നെങ്കിലും 167 റൺസിൽ പുറത്തായി. ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുമെന്ന് പ്രതീക്ഷിച്ച താരത്തിന് ഇന്നിംഗ്‌‌സ് പൂർത്തിയാക്കാനായില്ല.


രണ്ടാം ദിനം ഏഴ് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സെഞ്ച്വറി നേടിയ പടിക്കൽ 230 പന്തിൽ 167 റൺസുമായി തിളങ്ങിയപ്പോൾ, ഋഷഭ് പന്ത് 62 പന്തിൽ 39 റൺസെടുത്തു. പരിക്കിൽ നിന്ന് മുക്തനായി ബാറ്റിംഗിനിറങ്ങിയ കെ.എൽ. രാഹുൽ 175 പന്തിൽ 82 റൺസും നേടി. രവീന്ദ്ര ജഡേജ (25 പന്തിൽ 13), ധ്രുവ് ജുറേൽ (68 പന്തിൽ 51), മാനവ് സുതാർ (43 പന്തിൽ 24), മുഹമ്മദ് സിറാജ് (15 പന്തിൽ 11) എന്നിവരും പിന്നാലെ കൂടാരം കയറി. ശ്രീലങ്കൻ ബൗളർമാരിൽ സ്പിന്നർമാരാണ് ഇന്ത്യയെ കൂടുതൽ സമ്മർദത്തിലാക്കിയത്. പ്രഭാത് ജയസൂര്യ നാല് വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ കേശര നുവന്ത മൂന്ന് വിക്കറ്റും സ്വന്തമാക്കി.


പരിക്കേറ്റ സായ് സുദർശന്റെ അഭാവത്തിൽ മൂന്നാം നമ്പറിൽ അവസരം ലഭിച്ച മലയാളി താരം കന്നി ടെസ്റ്റ് സെഞ്ച്വറിയോടെയാണ് ഒന്നാം ദിനം ഗാളിൽ തിളങ്ങിയത്. രണ്ടാം ദിനം കൂടി മികച്ച രീതിയിൽ ബാറ്റ് ചെയ്ത പടിക്കൽ ഇന്ത്യയുടെ സ്‌കോർ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. അതേസമയം, സമ്മർദഘട്ടത്തിൽ ധ്രുവ് ജുറേൽ നേടിയ അർദ്ധസെഞ്ച്വറി ഇന്ത്യക്ക് ഏറെ വിലപ്പെട്ടതായി. ജുറേലും മാനവ് സുതാറും ചേർന്ന് നേടിയ 50 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിൽ നിർണായകമായി.

ആദ്യ ദിനം 77 റൺസിൽ പേശി വലിവിനെ തുടർന്ന് റിട്ടയേർഡ് ഹർട്ടായ രാഹുൽ തിരിച്ചെത്തിയെങ്കിലും പിന്നീട് അഞ്ച് റൺസ് മാത്രമാണ് കൂട്ടച്ചേർക്കാനായത്. റിഷഭ് പന്തും രണ്ടാം ദിനം നിരാശപ്പെടുത്തി. ആദ്യ ദിനം നേടിയ 39 റൺസിൽ നിന്ന് 12 റൺസ് മാത്രമാണ് പന്തിന് കൂട്ടച്ചേർക്കാനായത്. ഓപ്പണർ യശസ്വി ജയ്സ്വാൾ 32 റൺസിൽ റൺഔട്ടിലൂടെ പുറത്തായതിനെത്തുടർന്ന് രാഹുലും പടിക്കലും ചേർന്ന് രണ്ടാം വിക്കറ്റിൽ 150 റൺസ് കൂട്ടച്ചേർത്തിരുന്നു. തുടർന്നാണ് രാഹുൽ റിട്ടയേർഡ് ഹർട്ടായി മടങ്ങിയത്. മഴ രസം കൊല്ലിയായ രണ്ടാം ദിനത്തിൽ പിച്ചിന്റെ മോശം സ്വഭാവവും ബാറ്റർമാർക്ക് വെല്ലുവിളിയായി.

English Summary

India finished Day 2 of the first Test against Sri Lanka in Galle at 460 for nine. Devdutt Padikkal scored a maiden Test century, making 167, while KL Rahul contributed 82 and Dhruv Jurel added a crucial 51. Sri Lankan spinners Prabath Jayasuriya took four wickets and Kesara Nuwantha claimed three.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IND VS SL, SPORTS, INDA VS SRILANKA, TESTMATCH, CRICKET NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360