മസ്‌കറ്റ്: കപ്പൽ അപകടത്തെ തുടർന്ന് ഒമാനിൽ ഉണ്ടായ എണ്ണച്ചോർച്ച റാസ് മദ്‌റക മേഖലയിലെ 12 കിലോമീറ്ററോളം കടൽത്തീരത്തെ ബാധിച്ചതായി ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് ആറിന് അൽ ഹല്ലാനിയാത്ത് ദ്വീപുകൾക്ക് സമീപം കപ്പൽ കരയ്ക്കടിഞ്ഞതിനെ തുടർന്നാണ് എണ്ണച്ചോർച്ചയുണ്ടായത്. പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ സ്ഥലത്ത് അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്. മറ്റ് പ്രദേശങ്ങളിൽ കാര്യമായ മലിനീകരണത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മസീറ ദ്വീപിന്റെ തെക്കൻ ഭാഗം എണ്ണച്ചോർച്ച ബാധിക്കാൻ സാദ്ധ്യതയുള്ള പരിധിയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും നിലവിൽ എണ്ണച്ചോർച്ച ദ്വീപിന്റെ തീരത്തെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എണ്ണച്ചോർച്ച തെക്കുകിഴക്ക് ദിശയിൽ മുസന്ദം ഗവർണറേറ്റിന് പുറത്തേക്ക് തുറസായ കടലിലേക്കാണ് നീങ്ങുന്നതെന്നാണ് നിലവിലെ വിവരങ്ങൾ. ചോർച്ചയുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനും എണ്ണ എത്താൻ സാദ്ധ്യതയുള്ള മേഖലകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
തീരപ്രദേശങ്ങളിലെത്തുന്ന പ്രവാസികൾ, മത്സ്യത്തൊഴിലാളികൾ, സന്ദർശകർ, പൊതുജനങ്ങൾ എന്നിവർ കടലിലും തീരത്തും എണ്ണയോ മറ്റ് മലിനീകരണ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവയ്ക്കരികിലേക്ക് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചു.
അതേസമയം, മത്സ്യബന്ധന മേഖലകളിലുണ്ടായേക്കാവുന്ന ആഘാതം വിലയിരുത്തുന്നതിനും മത്സ്യ ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഒമാൻ ഫുഡ് സേഫ്‌റ്റി ആൻഡ് ക്വാളിറ്റി സെന്ററും പരിശോധന ശക്തമാക്കി. മത്സ്യം കരയിലെത്തിക്കുന്ന കേന്ദ്രങ്ങൾ, സംസ്‌കരണശാലകൾ, മത്സ്യവിപണികൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന്റെ വരവും പിടിച്ച മത്സ്യത്തിന്റെ ഉറവിടവും പരിശോധിക്കുന്നതിനൊപ്പം സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Oman’s Environment Authority has reported that an oil spill has affected around 12 km of beaches in the Ras Madrakah area after a ship ran aground near the Al Hallaniyat Islands on August 6.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |