
ന്യൂയോർക്ക് : മൊറോക്കോയും മടങ്ങിയതോടെ ആഫ്രിക്കൻ ടീമുകളെല്ലാം പുറത്തായെങ്കിലും ലോകകപ്പിൽ നിന്ന് ആഫ്രിക്ക മാഞ്ഞുപോയിട്ടില്ല.അവസാന എട്ടിലേക്കെത്തിയ അർജന്റീന ഒഴികെയുള്ള ടീമുകളുടെയല്ലാം നട്ടെല്ലായി മാറിയിരിക്കുന്നത് ആഫ്രിക്കൻ പൈതൃകമുള്ള കളിക്കാരാണ്. ആഫ്രിക്കൻ വൻകരയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറിയവരുടെ അനന്തരതലമുറകളാണ് ഫ്രഞ്ച്, ഇംഗ്ളീഷ്,സ്പാനിഷ്, ബെൽജിയം, സ്വിസ് ടീമുകളിലൊക്കെയും.
ഇന്നലെ മൊറോക്കോയെ കീഴടക്കിയ 26 അംഗ ഫ്രഞ്ച് ടീമിൽ നായകൻ കിലയൻ എംബാപ്പെയടക്കം 21 പേരും ആഫ്രിക്കൻ പാരമ്പര്യം പേറുന്നവർ. കാമറൂണിൽ നിന്നും അൾജീരിയയിൽ നിന്നും ഫ്രാൻസിലെത്തിയവരാണ് എംബാപ്പെയുടെ മാതാപിതാക്കൾ.ഉസ്മാനേ ഡെംബലെ(മാലി/ സെനഗൽ),ടൂഹാമേനി (കാമറൂൺ),എൻഗോളോ കാന്റേ(മാലി),വില്യം സാലിബ (കാമറൂൺ),യൂൾസ് കുണ്ടേ (ബെനിൻ),മൈക്കേൽ ഒലിസെ (നൈജീരിയ / അൾജീരിയ),കൊനാറ്റേ (മാലി) എന്നിങ്ങനെ നീളുന്നു ഫ്രഞ്ച് ടീമിന്റെ ആഫ്രിക്കൻ അടിത്തറ.
ഇന്ന് രാത്രി നോർവേയെ നേരിടാനിറങ്ങുന്ന ഇംഗ്ളണ്ട് ടീമിൽ ബുക്കായോ സാക്കയും കോബീ മാനൂവും എബരേച്ചി എസെയും മാർക്ക് ഗ്യുയേഹിയുമടക്കം 15 ആഫ്രിക്കൻ വംശജരുണ്ട്. നോർവേടീമിലാകട്ടെ വിംഗർ അന്റോണിയോ നൂസയും മിഡ്ഫീൽഡർ ഓസ്കർ ബോബുമാണ് പ്രധാന ആഫ്രിക്കാർ.എട്ട് ആഫ്രിക്കൻ വംശജരെ അണിനിരത്തിയാണ് സ്വിറ്റ്സർലാൻഡ് അർജന്റീനയെ നേരിടാനെത്തുന്നത്. മാനുവൽ അകാൻജി,അംദോനി,ക്വാഡോ ദുവ,ബ്രീൽ എംബോളോ തുടങ്ങിയവരാണ് പ്രധാനികൾ.ലാമിൻ യമാലും നിക്കോ വില്യംസുമാണ് സ്പാനിഷ് ടീമിലെ ആഫ്രിക്കൻ പാരമ്പര്യക്കാർ. ബെൽജിയൻ ടീമിലാകട്ടെ റൊമേലു ലുക്കാക്കുവും ജെറമി ഡോക്കുവും യൂറി ടിയലിമാൻസുമടക്കം 9 ആഫ്രിക്കൻ വംശജർ.
മൊറോക്കോ
നേരേ മറിച്ചാ
ആഫ്രിക്കൻ ടീമാണെങ്കിലും മൊറോക്കയ്ക്ക് വേണ്ടി അണിനിരന്നതിൽ കൂടുതലും യൂറോപ്യൻ രാജ്യങ്ങളിൽ ജനിച്ച് അവിടെ കളിച്ചുവളർന്നവരാണ്. അയൂബ് ബുവാദി, ബ്രാഹിം ഡയസ്, അഷ്റഫ് ഹക്കീമി തുടങ്ങിയവരൊക്കെ ഉദാഹരണം.കേപ്പ് വെർദേ, അൾജീരിയ, കോംഗോ, സെനഗൽ തുടങ്ങിയ രാജ്യങ്ങളും യൂറോപ്പിൽ ജനിച്ചുവളർന്ന താരങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
73
ആഫ്രിക്കൻ പാരമ്പര്യമുള്ള കളിക്കാരാണ് ഈ ലോകകപ്പിൽ മറ്റ് രാജ്യങ്ങൾക്കായി കളിച്ചത്. ആഫ്രിക്കയിൽ നിന്നുള്ള പത്തുടീമുകളും കൂടിയാകുമ്പോൾ 300 ലേറെ ആഫ്രിക്കൻ പാരമ്പര്യമുള്ള കളിക്കാർ ഈ ലോകകപ്പിൽ അണിനിരന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |