SignIn
Kerala Kaumudi Online
Friday, 28 August 2026 11.12 PM IST

വയസ് ഒൻപതും പത്തും, ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കി; ചരിത്ര നേട്ടവുമായി കുരുന്നുകൾ

-reyansh-prisha-
കിളിമഞ്ചാരോയുടെ ഉഹുറു പീക്ക് കീഴടക്കിയ ശേഷം രേയാൻഷും പ്രിഷ റാവത്തും

ഡെറാഡൂൺ: പഠനവും കളിയും പുതിയ ഹോബികളുമായി തിരക്കിലായിരിക്കേണ്ട പ്രായത്തിൽ സാഹസികതയുടെ ചരിത്രമെഴുതി രണ്ട് കുരുന്നുകൾ. ഒൻപത് വയസുകാരൻ രേയാൻഷ് പന്തും പത്തുവയസുകാരി പ്രിഷ റാവത്തുമാണ് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ചരിത്രം കുറിച്ചത്. 5,895 മീറ്റർ ഉയരത്തിലുള്ള കിളിമഞ്ചാരോയുടെ ഉഹുറു പീക്ക് കീഴടക്കി ഇരുവരും നേട്ടം സ്വന്തമാക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കിളിമഞ്ചാരോ പർവതാരോഹകരെന്ന റെക്കോഡും ഇതോടെ രേയാൻഷിന്റെയും പ്രിഷയുടെയും പേരിലായി.

ശാരീരിക ക്ഷമതയ്‌ക്കൊപ്പം മനഃശക്തി കൂടി ആവശ്യമായ ദൗത്യമാണ് പർവതാരോഹണം. സ്വപ്നങ്ങൾക്ക് പ്രായം അതിരല്ലെന്ന് തെളിയിച്ചാണ് രേയാൻഷും പ്രിഷയും കൊടുമുടിയിലെത്തിയത്. ട്രെക്കിംഗ് സംഘമായ 'ട്രെക്ക് ദി ഹിമാലയാസ്' പറയുന്നതനുസരിച്ച് ഓഗസ്റ്റ് 16നാണ് ഇരുവരും പർവതാരോഹണ യാത്ര ആരംഭിച്ചത്. 11 പേരടങ്ങിയ ട്രെക്കിംഗ് സംഘത്തിന്റെ ഭാഗമായിരുന്നു രേയാൻഷും പ്രിഷയും.


മഴക്കാടുകളിലൂടെയായിരുന്നു തുടക്കം. തുടർന്ന് തുറന്ന പുൽമേടുകളും ഉയർന്ന പ്രദേശങ്ങളിലെ മരുഭൂമിയും പിന്നിട്ടു. ഉയരം കൂടുന്തോറും യാത്ര കൂടുതൽ ദുഷ്‌കരമായി. പാറകളും അഗ്നിപർവത ഭൂപ്രകൃതിയും നിറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പിന്നീട് സഞ്ചരിക്കേണ്ടിവന്നത്. മലഞ്ചെരിവുകളിൽ ഹിമാനികളും വെല്ലുവിളി ഉയർത്തി. ഒടുവിൽ എല്ലാ പ്രതിസന്ധികളും മറികടന്ന് ഓഗസ്റ്റ് 24ന് 5,895 മീറ്റർ ഉയരത്തിലുള്ള ഉഹുറു പീക്കിലെത്തി ഇരുവരും ചരിത്രനേട്ടം സ്വന്തമാക്കി.

ആഫ്രിക്കയുടെ സമതലങ്ങളിൽ തലയുയർത്തി നിൽക്കുന്ന കിളിമഞ്ചാരോ ഒരു സാധാരണ പർവതമല്ല. നിദ്രാവസ്ഥയിലുള്ള ഭീമാകാരമായ അഗ്നിപർവതമാണ് കിളിമഞ്ചാരോ. ഉയരം കൂടുന്നതിനനുസരിച്ച് മഴക്കാടുകളിൽ നിന്ന് പുൽമേടുകളിലേക്കും പിന്നീട് വരണ്ട ഉയർന്ന പ്രദേശങ്ങളിലേക്കും ഒടുവിൽ ഹിമമേഖലയിലേക്കുമാണ് ഭൂപ്രകൃതി മാറുന്നത്. രേയാൻഷിന്റെയും പ്രിഷയുടെയും നേട്ടം സാഹസികത ഇഷ്ടപ്പെടുന്ന പുതുതലമുറയിലെ നിരവധി കുട്ടികൾക്ക് പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ.

ഇതിന് മുമ്പ് പഞ്ചാബിൽ നിന്നുള്ള തെഗ്ബീർ സിംഗ് അഞ്ചാം വയസിൽ കിളിമഞ്ചാരോ കീഴടക്കി ശ്രദ്ധ നേടിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യക്കാരനെന്ന നേട്ടമാണ് അന്ന് തെഗ്ബീർ സ്വന്തമാക്കിയത്. 2024 ഓഗസ്റ്റ് 18ന് കിളിമഞ്ചാരോ കയറ്റം ആരംഭിച്ച തെഗ്ബീർ ആഗസ്റ്റ് 23ന് ഉഹുറു പീക്കിലെത്തുകയായിരുന്നു.

English Summary

Nine-year-old Reyansh Pant and ten-year-old Prisha Rawat from Uttarakhand became the youngest from the state to summit Mount Kilimanjaro. They successfully reached Uhuru Peak, Africa's highest point at 5,895 meters, on August 24, completing their challenging ascent that began August 16.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KILIMANJARO, LATESTNEWS, VIRAL KIDS, KILIMANJARO NATIONAL PARK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360