SignIn
Kerala Kaumudi Online
Tuesday, 19 May 2026 1.29 PM IST

പഞ്ചിന്‍റെ കൂട്ടിൽ അതിക്രമിച്ചു കയറി അമേരിക്കൻ യുവാക്കൾ; സുരക്ഷ കർശനമാക്കാൻ ഇച്ചികാവ സിറ്റി മൃഗശാല

punch

ടോക്കിയോ: അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടികുരങ്ങൻ പഞ്ചിന്റെ കൂട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയ രണ്ട് അമേരിക്കൻ പൗരന്മാർ അറസ്റ്റിൽ. റെയ്ഡ് ജഹാനൈ ഡേസൺ (24), നീൽ ജബാഹ്രി ദുവാൻ (27) എന്നിവരെയാണ് ജപ്പാൻ പൊലീസ് കസ്റ്റഡിയിലെടുത്തത്. ടോക്കിയോയുടെ പ്രാന്തപ്രദേശമായ ചിബയിലെ ഇച്ചികാവ സിറ്റി മൃഗശാലയിൽ തിങ്കളാഴ്ചയാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്.

ക്രിപ്റ്റോ കറൻസി പരസ്യങ്ങളെ അനുസ്മരിപ്പിക്കുന്ന ഇമോജി തലയും നീല സ്യൂട്ടും ധരിച്ച ഡേസൺ സുരക്ഷാ വേലി ചാടിക്കടന്ന് കുരങ്ങുകളുടെ കൂട്ടിലേക്ക് ഇറങ്ങിയപ്പോൾ ദുവാൻ ഈ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു. കൂട്ടിൽ കയറിയ ഡേസന്റെ കൈയിൽ ഒരു പാവയും ഉണ്ടായിരുന്നു. ഇതോടെ കൂട്ടിലുണ്ടായിരുന്ന കുരങ്ങുകൾ പരിഭ്രാന്തരായി ചിതറിയോടി. ഉടൻ തന്നെ മൃഗശാലയിലെ സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി. പ്രതികൾക്ക് പഞ്ചിന്റെയോ മറ്റു കുരങ്ങുകളുടെയോ അടുത്തെത്താൻ കഴിഞ്ഞിട്ടില്ലെന്നും മൃഗങ്ങൾ സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.

മൃഗശാലയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനാണ് നിലവിൽ യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ തങ്ങൾക്കെതിരെയുള്ള കുറ്റാരോപണങ്ങൾ പ്രതികൾ നിഷേധിച്ചു. അതോസമയം,​ മൃഗശാലയിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃത‌ർ അറിയിച്ചു. മൃഗങ്ങളുടെ സുരക്ഷയാണ് തങ്ങൾക്ക് പ്രധാനമെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും ഇച്ചികാവ മൃഗശാല അധികൃതർ എക്സിൽ കുറിച്ചു. മൃഗശാലക്കുള്ളിൽ വിഡിയോ ചിത്രീകരിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

ഈ വർഷം ഫെബ്രുവരിയിലാണ് ഒരു ഒറാങ്ങുട്ടാന്റെ പാവയുമായി നിൽക്കുന്ന 'പഞ്ച്' എന്ന കുട്ടികുരങ്ങന്റെ ചിത്രങ്ങൾ ഇച്ചികാവ മൃഗശാല പുറത്തുവിട്ടത്. പ്രസവത്തിന് പിന്നാലെ അമ്മ ഉപേക്ഷിച്ച പഞ്ചിന് അതിന്റെ മാനസിക സമ്മർദം കുറക്കാനാണ് മൃഗശാല ജീവനക്കാർ പാവ നൽകിയത്. പിന്നീട് ഈ പാവയുമായുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ പഞ്ചിനും ആരാധകരേറെയായി. ഈ കുഞ്ഞൻ കുരങ്ങനെ കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും സഞ്ചാരികൾ മൃഗശാലയിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. ഈ ജനപ്രീതി മുതലെടുത്ത് സോഷ്യൽ മീഡിയയിൽ റീൽസ് ചെയ്യാനും ക്രിപ്റ്റോ പ്രൊമോഷൻ നടത്താനുമാണ് അമേരിക്കൻ യുവാക്കൾ അതിക്രമിച്ചുകയറിയതെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, PUNCH, MONKEY, AMERICANS, JAPAN, ICHIKAWA CITY ZOO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360