
ടെഹ്റാൻ :ഇറാനിലെ ഇസ്ഫഹാനിലെ ആയുധ കേന്ദ്രത്തിൽ യു.എസ് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ. ഇന്നലെ പുലർച്ചെയാണ് ആക്രമണമുണ്ടായത്. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബാണ് വർഷിച്ചത്.യു.എസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ വീഡിയോ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹ മാദ്ധ്യമമായ ട്രൂത്ത് വഴി പുറത്തുവിട്ടു. എന്നാൽ ആക്രമണം നടന്നു എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എകദേശം 2.3 ദശ ലക്ഷം ആളുകൾ താമസിക്കുന്ന പ്രദേശമാണ് ഇസ്ഫഹാൻ. ആക്രമണം നടന്നെങ്കിൽ യു.എസ് തകർക്കുന്ന ഇറാന്റെ മൂന്നാം യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമാണിത്.
ആക്രമണത്തെ തുടർന്ന് ശക്തമായ സ്ഫോടന പരമ്പര ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 540 ഓളം കിലോ ഭാരമുള്ള യുറേനിയം ശേഖരം ഇറാൻ ഇസ്ഫഹാനിലെ ഒരു ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കാമെന്ന് സമീപകാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ എന്ന പേരിൽ യു.എസ് നടത്തിയ ആക്രമണത്തിലും ഈ നഗരം ലക്ഷ്യമിട്ടിരുന്നു.വെടിനിറുത്തൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ കരയാക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞിരുന്നു.നയതന്ത്രത്തിനായിരിക്കും യു.എസിന്റെ മുൻഗണനയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോയും വ്യക്തമാക്കി.
യു.എസും ഇസ്രയേലും ഇറാനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ടെഹ്റാനിലും ഇസ്ഫഹാനിലും തബ്രീസിലും കനത്ത വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ദക്ഷിണ ലെബനനിൽ ഐക്യരാഷ്ട്രസഭ സമാധാന സേനാംഗം കൊല്ലപ്പെട്ടു. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിലെ കെമിക്കൽ പ്ലാന്റിന് കേടുപാട് സംഭവിച്ചു.
ബങ്കർ ബസ്റ്റർ
കോൺക്രീറ്റോ പാറയോ തുരന്ന് അകത്തു കയറി പൊട്ടിത്തെറിക്കുന്ന ബോംബുകൾ
ഭൂമിക്കടിയിലെ ശത്രു കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നു
വലിയ തോതിൽ സ്ഫോടക വസ്തുക്കൾ സംഭരിച്ചിരിക്കുന്നു
900 കിലോയാണ് (2,000 പൗണ്ട്) ഇറാനിൽ ഉപയോഗിച്ച ബോംബിന്റെ ശരാശരി ഭാരം
അതിൽകൂടുതൽ ഭാരമുള്ള ബോംബുകളുമുണ്ട്.
200 അടി ആഴത്തിൽ തുരക്കാൻ കഴിവ്
ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഏഷ്യൻ വംശജരുൾപ്പെടെ നാലുപേർക്ക് പരിക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |