
റോം: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ വീണ്ടും തിരിച്ചടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. മെലോനിക്ക് ഇറ്റലിയിലുള്ള ജനപ്രീതിയുടെ നിലവാരം തീരെ മോശമാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ട്രംപ് തന്റെ പ്രശസ്തിയുടെ കാര്യം ആലോചിച്ച് ആശങ്കപ്പെടേണ്ടെന്നും സ്വന്തം കാര്യത്തിൽ ശ്രദ്ധിച്ചാൽ മതിയെന്നും മെലോനി മറുപടി നൽകി. പ്രകോപനമില്ലാതെയുള്ള ട്രംപിന്റെ നിരന്തര ആക്രമണങ്ങൾ അർത്ഥശൂന്യമാണെന്നും മെലോനി വിമർശിച്ചു.
ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ തനിക്കൊപ്പം ഫോട്ടോ എടുക്കാൻ മെലോനി കെഞ്ചിയെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പറഞ്ഞത് വിവാദമായിരുന്നു. ഒന്നിച്ചുള്ള ഫോട്ടോയ്ക്കായി മെലോനി വീണ്ടും വീണ്ടും തന്നെ സമീപിച്ചെന്നും പാവം തോന്നി അവർക്കൊപ്പം ഫോട്ടോയെടുക്കാൻ സമ്മതിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.
ട്രംപിന്റെ പ്രസ്താവന പൂർണമായും കെട്ടിച്ചമച്ചതാണെന്നും താനോ ഇറ്റലിയോ ആർക്കും മുന്നിൽ കെഞ്ചാറില്ലെന്നുമായിരുന്നു മെലോനിയുടെ മറുപടി. ട്രംപിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് യു.എസിലേക്കുള്ള ഔദ്യോഗിക യാത്ര ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ആന്റണിയോ റ്റജാനി റദ്ദാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |