SignIn
Kerala Kaumudi Online
Thursday, 16 July 2026 4.31 PM IST

'മനുഷ്യജീവൻ അമൂല്യമാണ്, വാങ്‌ചുക്കിന് ആവശ്യമായ വൈദ്യസഹായം നൽകണം'; കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി

sonam-wangchuk-
നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്ക്

ന്യൂഡൽഹി: രാജ്യത്തെ നീറ്റ് ഉൾപ്പടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകളുടെയും ചോദ്യപേപ്പർ ചോർച്ചയുടെയും പശ്ചാത്തലത്തിൽ സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്ക് നടത്തുന്ന നിരാഹാര സമരത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. അദ്ദേഹത്തിന്റെ ആരോഗ്യം വഷളാകുന്നുവെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ രാകേഷ് കുമാർ സെയ്നിയാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

വാങ്‌ചുക്കിന്റെ ആരോഗ്യനില പതിവായി നിരീക്ഷിക്കാനും ആവശ്യമെങ്കിൽ മതിയായ ചികിത്സ നൽകാനും ‌ഡൽഹി ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ കേന്ദസർക്കാരിനോടും ഡൽഹി സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. മനുഷ്യജീവൻ അമൂല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സോനം വാങ്‌ചുക്ക് അനുവദിക്കുന്ന സമയങ്ങളിലെല്ലാം ഡോക്ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി കെ ഉപാദ്ധ്യായ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ദിവസവും ഡോക്ടർമാർ വാങ്‌ചുക്കിനെ പരിശോധിക്കണമെന്നും പരിശോധന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഇടപെടൽ നടത്താമെന്നും കോടതി അറിയിച്ചു.

രണ്ട് ദിവസംകൂടി സമരം തുടർന്നാൽ അദ്ദേഹത്തിന് മരണം സംഭവിക്കാമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. വാങ്‌ചുക്കിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി അടിയന്തരമായി ഇടപെടണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

കൂടാതെ, വാങ്‌ചുക്കിന് നിരാഹാര സമരത്തിനിടയിൽ മരണം സംഭവിച്ചാൽ രാജ്യത്തിന് അത് വലിയൊരു നാണക്കേടായിരിക്കും. സർക്കാർ ഒരു കുറ്റവാളിയെപ്പോലെയാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. സമാധാനപരമായ സമരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. ഓരോ പൗരന്റെയും ജീവൻ സംരക്ഷിക്കേണ്ടതിന് സർക്കാരിന് ഭരണഘടനാപരമായ ചുമതലയുണ്ട്. വിഷയത്തിൽ ഡൽഹി സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും നിലപാട് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ടാണ് വാങ്‌ചുക്ക് നിരാഹാരസമരം ആരംഭിച്ചത്. ജന്തർ മന്ദറിൽ നടത്തുന്ന നിരാഹാര സമരം 19-ാം ദിവസത്തിലേക്ക് കടന്നതോടെ വാങ്‌ചുക്കിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.



English Summary

The Delhi High Court has intervened in social activist Sonam Wangchuk's hunger strike, protesting alleged NEET exam irregularities and paper leaks. On its 19th day, with Wangchuk's health deteriorating, the court directed regular health monitoring and adequate medical treatment. It also instructed central and Delhi governments to provide necessary assistance to maintain his well-being.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONAM WANGCHUK, HUNGER STRIKE, LADAKH PROTEST, HIGH COURT, GOVERNMENT MEDICAL MONITORING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360