ഭോപ്പാല്‍: പരസ്പരം നിഴലായി 15 വര്‍ഷം. പ്രദീപ് ജെയിനിന് വളര്‍ത്തുനായ മാത്രമായിരുന്നില്ല ദുഗ്ഗു. ഉറ്റ സുഹൃത്തും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. തന്നെ കൂട്ടാതെ പ്രദീപ് പുറത്തുപോയാല്‍ ദുഗ്ഗു വീടിനുപുറത്ത് കണ്ണിമ വെട്ടാതെയിരിക്കും.
കഴിഞ്ഞദിവസം ആശുപത്രിയില്‍ പോയി വന്ന പ്രദീപിന്റെയടുത്ത് എന്നത്തേയും പോലെ ദുഗ്ഗു ഓടിയെത്തി. പക്ഷേ പ്രദീപ് നോക്കിയില്ല, കൊഞ്ചിച്ചില്ല. ഉമ്മ കൊടുത്തില്ല. അവന്‍ അസ്വസ്ഥനായി, കരഞ്ഞു. കണ്ണുതുറക്കാനായി കാത്തിരുന്നു. വീട്ടുകാര്‍ മാറ്റാന്‍ നോക്കിയെങ്കിലും മാറിയില്ല. പതിയെ അവനു മനസിലായി, ഇനി തന്റെ യജമാനന്‍ വരില്ല,? ഒരിക്കലും.
വെള്ളവും ഭക്ഷണവുമില്ലാതെ കരഞ്ഞുകരഞ്ഞ് അവന്‍ പ്രദീപിന്റെ മൃതദേഹത്തിനരികിലിരുന്നു. തിങ്കളാഴ്ച രാവിലെ വിലാപയാത്രയോടൊപ്പം നടന്നു. പകുതി വരെ,? പിന്നെ കുഴഞ്ഞുവീണു. നെഞ്ചുപൊട്ടി ജീവന്‍ വെടിഞ്ഞു. കുടുംബം പ്രദീപിനടുത്തുതന്നെ അവനും അന്ത്യനിദ്രയൊരുക്കി.
മദ്ധ്യപ്രദേശിലെ ബെതുലിലാണ് മരണത്തിലും പിരിയാനാവാത്ത ഈ യജമാനനും നായയും ജീവിച്ചത്. അസുഖം ബാധിച്ച് എട്ടുദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് 67കാരനായ പ്രദീപ് മരണത്തിന് കീഴടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |