
ന്യൂയോർക്ക്: ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് പ്രപഞ്ചത്തിന്റെ ഇതുവരെ സൃഷ്ടിച്ചതിൽ ഏറ്റവും വലിയ ദ്വിമാന ഭൂപടം ശാസ്ത്രജ്ഞർ പുറത്തിറക്കി. ഏകദേശം 4 ബില്യൺ ആകാശവസ്തുക്കളെ ഉൾക്കൊള്ളുന്ന ഭൂപടം ആകാശത്തിന്റെ നാലിൽ മൂന്ന് ഭാഗത്തോളം വ്യാപിച്ചുകിടക്കുന്നു. 5.6 ട്രില്യൺ പിക്സലുകളുള്ള ഈ വിസ്മയകരമായ ചിത്രം നക്ഷത്രങ്ങൾ, ഗാലക്സികൾ, ക്വാസാറുകൾ തുടങ്ങി അനേകം പ്രപഞ്ച വസ്തുക്കളെ ഒരൊറ്റ ഭൂപടത്തിൽ പകർത്തുന്നു.
13 വർഷത്തെ
നിരീക്ഷണം
DESI Legacy Imaging Surveys സംഘമാണ് ഭൂപടം തയ്യാറാക്കിയത്. 13 വർഷം നീണ്ട നിരീക്ഷണങ്ങളിലൂടെ ശേഖരിച്ച 2.63 ലക്ഷം ടെലിസ്കോപ്പ് എക്സ്പോഷറുകൾ സംയോജിപ്പിച്ചാണ് ഇത് ഒരുക്കിയത്. ദൃശ്യപ്രകാശത്തിനൊപ്പം ഇൻഫ്രാറെഡ് തരംഗദൈർഘ്യങ്ങളിലുമുള്ള വിവരങ്ങൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2Dയിൽ നിന്ന് 3D പ്രപഞ്ചത്തിലേക്ക്
അരിസോണയിലെ കിറ്റ് പീക്ക് നാഷണൽ ഒബ്സർവേറ്ററിയിലെ 4 മീറ്റർ മയാൾ ടെലിസ്കോപ്പിൽ സ്ഥാപിച്ച DESI, ഗാലക്സികളുടെയും ക്വാസാറുകളുടെയും സ്പെക്ട്രം പഠിക്കുന്നു. പ്രകാശത്തിന്റെ റെഡ്ഷിഫ്റ്റ് അളക്കുന്നതിലൂടെ അവയുടെ ദൂരം കണ്ടെത്തി പ്രപഞ്ചത്തിന്റെ ത്രിമാന ഭൂപടം നിർമ്മിക്കുകയാണ് ലക്ഷ്യം.
ഇരുണ്ട ഊർജ്ജത്തിന്റെ
രഹസ്യം
DESIയുടെ വിവരങ്ങൾ പ്രപഞ്ചവികാസത്തെയും ഡാർക്ക് എനർജിയുടെ സ്വഭാവത്തെയും കുറിച്ച് കൂടുതൽ വ്യക്തത നൽകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പുതിയ ഭൂപടം അപൂർവ ആകാശവസ്തുക്കളെ കണ്ടെത്താനും ഗാലക്സികളുടെ പരിണാമം പഠിക്കാനും ഭാവിയിലെ കൃത്രിമബുദ്ധി ഗവേഷണങ്ങൾക്കും നിർണായകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |