
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസിനാണെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് നാവികസേനയുടെ ഉപരോധത്തെ 'ഉരുക്ക് മതിൽ' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ തന്ത്രപ്രധാനമായ ജലപാതയിപ്പോൾ തങ്ങളുടെ അധീനതയിലാണെന്നും അത് തങ്ങൾ' കൈവശം സൂക്ഷിക്കു'മെന്നും ട്രൂത്ത് സോഷ്യലിൽകുറിച്ചു.
'ഇക്കാര്യത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ല. ഇറാന് സ്വന്തമായി നാവികസേനയോ വ്യോമസേനയോ ഇല്ല. അവരുടെ സൈനികർക്ക് ശമ്പളം ലഭിക്കുന്നില്ല'- ട്രംപ് പറഞ്ഞു.
ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ (ഐ.ആർ.ജി.സി) 'തകർന്നുകൊണ്ടിരിക്കുകയാണെന്നും അവർ ജീവനും കൊണ്ട് ഓടുകയാണ്' എന്നും അദ്ദേഹം പരിഹസിച്ചു. ഇറാൻ ഇനി പശ്ചിമേഷ്യയിലെ 'ഗുണ്ട' (ബുള്ളി) അല്ലെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്. ഒപ്പം 'അല്ലാഹുവിന് സ്തുതി!' എന്നും കുറിച്ചു.
അതേസമയം,ഇറാൻ മുന്നോട്ട് വച്ച എല്ലാ നിബന്ധനകളും യു.എസ് അംഗീകരിക്കുന്നതുവരെ ഹുർമുസ് തുറക്കില്ലെന്ന് ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി മുഹ്സിൻ റെസായി പറഞ്ഞു. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവനായി പുതുതായി നിയമിതനായ മുഹ്സിൻ റെസായി, എക്സിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. കടലിടുക്ക് പൂർണമായി തുറക്കുന്നതിന് മുൻപ് യു.എസ് പാലിക്കേണ്ട ഉപാധികൾ പട്ടികപ്പെടുത്തണം.
'ഇറാന്റെ സന്ദേശം വ്യക്തമാണ്. യു.എസ് യുദ്ധവും ഉപരോധവും പൂർണമായി അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ട് നൽകുക, ലെബനനിലും ഗാസയിലും ഉൾപ്പെടെയുള്ള വെടിനിറുത്തലിന് തയാറാകുക എന്നിവയാണ് ആവശ്യങ്ങൾ. ഈ ഉപാധികളത്രയും പാലിക്കപ്പെടുന്നത് വരെ ഹുർമുസ് അടഞ്ഞുകിടക്കും,' -മുഹ്സിൻ റെസായിഎക്സിൽ കുറിച്ചു.
ഇതിനിടെ, സംഘർഷം ലഘൂകരിക്കാനും സമാധാന ചർച്ചകൾക്കുമുള്ള നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി ടെഹ്റാൻ സന്ദർശിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സുരക്ഷാ സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം യുദ്ധം ലഘൂകരിക്കാനുള്ള വഴികളും സന്ദർശനത്തിൽ ചർച്ചയായി.
പഴയനിരയെ
മുന്നിലിറാക്കാൻനീക്കം
ഇറാൻ സൈനികസുരക്ഷാ സംവിധാനത്തിൽ അഴിച്ചുപണി നടത്തിയതായിറപ്പോർട്ട്. റെവല്യൂഷണറി ഗാർഡ് കോർപ്സ്, ബസിജ് സുരക്ഷാ സേന, ആംഡ് ഫോഴ്സസ് ജനറൽ സ്റ്റാഫ് എന്നിവയിൽ ആറ് മുതിർന്ന കമാൻഡർമാരെയാണ് പരമോന്നത നേതാവ് മുജ്തബ ഖമേനി നിയമിച്ചത്. ദീർഘകാലം നീണ്ടുനിൽക്കാനിടയുള്ള വലിയൊരു സൈനിക ഏറ്റുമുട്ടലിന് രാജ്യത്തിന്റെ പ്രതരോധ സംവിധാനത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണിത്.
കൊല്ലപ്പെട്ട പിതാവ് അയത്തൊള്ള അലി ഖമേനിയ്ക്ക് പകരം മാർച്ചിൽ അധികാരമേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ്, യുദ്ധകാല ഭരണകൂടത്തിന് ചുറ്റും സ്വന്തമായൊരു സുരക്ഷാവലയം തീർക്കുകയാണ്.
വെസ്റ്റ്ബാങ്കിൽ
സ്ഥിതിഗുരുതരം
അധിനവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെ റെയ്ഡുകളും അറസ്റ്റുകളും വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിച്ചുനീക്കലും തുടരുന്നതിനിടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച കുറഞ്ഞത് 23 പാലസ്തീനികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ജെനിൻ ഗവർണറേറ്റിൽ 11 പേരെയും ബെത്ലഹേം മേഖലയിൽ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |