SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.46 AM IST

യു.പി.ചായ കുടിക്കണോ വരൂ സുജിത് സിംഗിന്റെ കടയിലേക്ക്

t

കൊച്ചി: പനമ്പിള്ളി നഗറിൽ 23 മണിക്കൂർ ചായ വിളമ്പുന്ന ടീ കാപ്പിറ്റലിൽ ഉടമ സുജിത് സിംഗിന് നിൽക്കാൻ നേരമില്ല. 33വർഷം മുമ്പ് ഉത്തർപ്രദേശ് സ്വദേശി അച്ഛൻ സീതൾസിംഗ് തുടങ്ങിയ കട മൂന്നുവർഷംമുമ്പ് സുജിത് ഏറ്റെടുത്തശേഷം ചായ പ്രേമികളുടെ ഒഴുക്കാണ്. ബിരുദവും ഡിപ്ളോമയും കഴിഞ്ഞ് പല ജോലികൾ ചെയ്ത് ബിസിനസും നടത്തിയാണ് ടീ കാപ്പിറ്റലിലേക്ക് എത്തിയത്. തീരുമാനം തെറ്റിയില്ല. 3,000 ചായവരെയാണ് ദിവസവും കച്ചവടം. പുലർച്ചെ മൂന്നുമുതൽ ആളെത്തും. അച്ഛനും അമ്മ ഓമനയും ചേർന്ന് തുടക്കംകുറിച്ചപ്പോഴുള്ള ഉത്തർപ്രദേശ് ചായക്കൂട്ടാണ് ചായപ്രേമികളെ ആകർഷിക്കുന്നത്. ഇരുവരും ഇപ്പോഴില്ല. പുലർച്ചെ രണ്ടുമുതൽ മൂന്നുവരെയാണ് കച്ചടവടത്തിന് ബ്രേക്ക്. അതും ക്ളീനിംഗിന് വേണ്ടി മാത്രം.

ചായ, കട്ടൻചായ, കട്ടൻകാപ്പി, കാപ്പി, കോൾഡ് ബൂസ്റ്റ്, കോൾഡ് ഹോർലിക്‌സ് തുടങ്ങിയവ തേടി എത്തുന്നവരിൽ ഏറെയും യുവാക്കൾ. ടെക്കികളായ നിരവധി യുവതീയുവാക്കളും ഇവിടെ നിത്യസന്ദർശകരാണ്‌. 10രൂപയാണ് ചായക്ക്. 15രൂപ കാപ്പിക്ക്. കോൾഡ്ബൂസ്റ്റ്, കോഫി, ഹോർലിക്‌സ് എന്നിവയ്ക്ക് 60. ചെറുകടികൾ 10 രൂപമുതൽ 40വരെ.

റോഡ് പുറമ്പോക്കിലെ കിയോസ്കിലിരുന്നു കുടിക്കാൻ ഒരു കസേരപോലുമില്ല. വേണമെങ്കിൽ തൊട്ടടുത്ത മരച്ചുവട്ടിലെ തറയിൽ ഇരിക്കാം. 30ലേറെ വ്യത്യസ്തമായ ചെറുകടികളും ലഭിക്കും.

ബി.കോം കഴിഞ്ഞ സുജിത് ജേർണലിസത്തിൽ ഡിപ്ലോമയും നേടി വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്തു. കൊറിയർ കമ്പനി ഫ്രാഞ്ചൈസി നടത്തി. അമ്മയുടെ മരണശേഷമാണ് ചായക്കടയിലേക്കെത്തിയത്. അനുജൻ രജിത്‌സിംഗും ഒപ്പമുണ്ട്.

ഇരുവർക്കും അച്ഛന്റെ നാടുമായി ബന്ധമൊന്നുമില്ല. ഭാര്യ ശ്രുതിക്കും മകൾ നയനയ്ക്കുമൊപ്പം പനമ്പള്ളിനഗറിൽത്തന്നെയാണ് നാൽപ്പത്താറുകാരനായ സുജിത്തിന്റെ താമസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEA CAPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA