
കൊച്ചി: വീണാ വിജയൻ ഹവാല, ബിനാമി ഇടപാടുകളിലൂടെ കൈകാര്യം ചെയ്തിരുന്നത് പിതാവും മുൻമുഖ്യന്ത്രിയുമായ പിണറായി വിജയൻ, ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരുടെ അനധികൃത സമ്പാദ്യമെന്ന് ഇ.ഡി. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി കൈമാറിയ റിപ്പോർട്ടിലാണ് ഈ വിവരം. ഇവരുടെ അനധികൃത സമ്പാദ്യം ബിനാമി വ്യക്തികളിലൂടെ വിദേശത്തേക്ക് കടത്തുകയോ സ്വകാര്യ സ്വത്തായി മാറ്റുകയോ ചെയ്യുന്നതിന്റെ രേഖകളാണ് വീണ 'റെഡ് ബുക്കിലും' വെള്ളപേപ്പറിലും കുറിച്ചു വച്ചിരുന്നതെന്നും ഇ.ഡി പറയുന്നു.
വീണയുടെ കുറിപ്പുകളും മൊഴികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20.5 കോടിയുടെ ഇടപാടുകളാണ് സ്വന്തം കൈപ്പടയിൽ വീണ റെഡ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട്ട് ഫറൂക്കിലെ വീട്ടിൽ ആഗസ്റ്റ് 18ന് നടത്തിയ റെയ്ഡിൽ റിയാസിന്റെ സുഹൃത്ത് വാരിഷ്.കെ നൽകിയ മൊഴി ഇക്കാര്യം സ്ഥിരീകരിക്കുന്നു.
മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം പേര് വെളിപ്പെടുത്താത്ത ചിലർ തന്റെ ഓഫീസിലെത്തി 2024 ജൂൺ, ജൂലായ് മാസങ്ങളിൽ പണം കൈമാറിയെന്ന് വാരിഷ് മൊഴി നൽകി. 2024 ജൂലായ് മൂന്ന്, 20, 22, 23, കഴിഞ്ഞവർഷം ജൂലായ് അഞ്ച് തിയതികളിൽ 1.2 കോടി ഹവാല ഏജന്റ് സുബൈർ കരുവംപൊയിൽ വഴി ദുബായിലുള്ള ഫൈജാസ് വി.പിക്ക് കൈമാറിയെന്നും വാരിഷ് മൊഴി നൽകി.
ഫൈജാസിന് 2024ൽ 85 ലക്ഷം രൂപ അയച്ചെന്ന വീണയുടെ കുറിപ്പ് റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. വാരിഷ് വഴി പണം കൈമാറിയത് മുഹമ്മദ് റിയാസ് നിർദ്ദേശിച്ചതു പ്രകാരമാണെന്നാണ് ഇ.ഡി പറയുന്നത്.
'മാസപ്പടി അന്വേഷിക്കാം
ഹവാല പറ്റില്ല'
തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഇ.ഡി കത്തിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയശേഷം തെളിവുണ്ടെങ്കിൽ കേസെടുത്ത് വിശദാന്വേഷണം നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ചേർന്നു തയ്യാറാക്കിയ നിയമോപദേശം സർക്കാരിന് സമർപ്പിച്ചതായി സൂചന.
1 പിണറായി വിജയനുവേണ്ടി മകൾ വീണ പണം വാങ്ങിയത് അഴിമതിയാണെന്നാണ് ഇ.ഡി കത്തിൽ. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണ മാസപ്പടി വാങ്ങിയത് ബിസിനസ് ഇടപാടായിരുന്നില്ലെന്നും പറയുന്നു. ഇക്കാര്യം വിജിലൻസിന് പരിശോധിക്കാം
2 മാസപ്പടിയായി സ്വീകരിച്ച കോടികൾ ഹവാലയായി ദുബായിലേക്ക് കടത്തിയെന്നും പറയുന്നു. റിയാസിന് പങ്കുണ്ടെന്നും കത്തിൽ ആരോപിക്കുന്നു. ഇതിൽ വിജിലൻസ് അന്വേഷണം നടത്താനാവില്ല. ഹവാല ഇടപാടും ഗുഢാലോചനയും അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |