
ന്യൂഡൽഹി: പോക്‌സോ കേസിൽ അതിജീവിതയുടെ പ്രായം തെളിയിക്കാൻ മാമോദീസ സർട്ടിഫിക്കറ്റ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. പ്രായപൂർത്തിയായതാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് ജുവൈനൽ ജസ്റ്റിസ് നിയമത്തിലെ രേഖകൾ പരിശോധിച്ചാണ്. ആ രേഖകളിൽ മാമോദീസ സർട്ടിഫിക്കറ്റില്ലെന്ന് ജസ്റ്റിസുമാരായ പ്രശാന്ത്കുമാർമിശ്ര, എൻ.വി.അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എസ്.എസ്.എൽ.സി ബുക്കിലെ ജനനത്തീയതിക്കാണ് പ്രാമുഖ്യം. തദ്ദേശസ്ഥാപനങ്ങളുടെ ജനനസർട്ടിഫിക്കറ്റും സ്വീകരിക്കാം. ഇവ രണ്ടുമില്ലെങ്കിൽ മെഡിക്കൽ പരിശോധനയെ ആശ്രയിക്കണമെന്നും ചൂണ്ടിക്കാട്ടി.
മേഘാലയയിൽ 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. 2019 നവംബറിൽ നടന്ന സംഭവത്തിൽ പ്രതിക്ക് 20 വർഷം കഠിനതടവും 5000 രൂപ പിഴയും വിചാരണക്കോടതി വിധിച്ചിരുന്നു. മേഘാലയ ഹൈക്കോടതി ശിക്ഷ ശരിവച്ചു. പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രതിയുടെ വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് കാണിക്കാൻ മാമോദീസ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ ചോദ്യംചെയ്‌തു. പ്രായം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെങ്കിലും പീഡനം നടന്നതിന് തെളിവുണ്ടെന്ന് കോടതി നിലപാടെടുത്തു. പോക്‌സോ ഒഴിവാക്കി. ഭാരതീയ ന്യായസംഹിത പ്രാബല്യത്തിലാകും മുൻപുള്ള കേസായതിനാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ പീഡനക്കുറ്റം അടക്കം ചുമത്തി 10 വർഷം കഠിനതടവും 10,000 പിഴയും വിധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |