SignIn
Kerala Kaumudi Online
Thursday, 19 February 2026 3.43 AM IST

കൊല്ലം പോർട്ടിന്റെ സുരക്ഷ ആയുധധാരികൾ ഏറ്റെടുത്തു, ഇന്റലിജൻസിന്റെ പ്രത്യേക നിരീക്ഷണത്തിൽ

Increase Font Size Decrease Font Size Print Page
kollam-port

കൊല്ലം: ലക്ഷദ്വീപിലെ കവരത്തിയിലേക്കുള്ള എയർഫോഴ്സിന്റെ പ്രതിരോധ സാമഗ്രികൾ കൊല്ലം പോർട്ടിലെത്തിച്ചു. എട്ട് ഡിഫൻസ് ട്രക്കുകളും അഞ്ച് കണ്ടെയ്നറുകളും നിരവധി ലോറികളിലായി നിരവധി പാക്കേജുകളുമാണ് കൊല്ലം പോർട്ടിൽ എത്തിച്ചത്. സാമഗ്രികൾ ബാർജിൽ രണ്ട് ദിവസത്തിനകം കവരത്തിയിലേക്ക് കൊണ്ടുപോകും.

അതീവ സുരക്ഷാ പ്രാധാന്യമുള്ളവയായതിനാൽ കണ്ടെയ്നറുകളിലും പാക്കേജുകളിലും ഉള്ളതെന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സാമഗ്രികൾ കൊണ്ടുപോകാൻ മുംബയിൽ നിന്ന് സീ വാരിയർ എന്ന ബാർജും ഇത് വലിച്ചുകൊണ്ടുപോകാനായി ഓഷ്യൻ സിയാച്ചൽ എന്ന കൂറ്റൻ ടഗും ഇന്ന് ഉച്ചയോടെ പോർട്ടിലെത്തും. ലോറികളിൽ നിന്നുള്ള കണ്ടെയ്നറുകളും പാക്കേജുകളും ബാർജിലേക്ക് മാറ്റും. ട്രക്കുകൾ അതുപോലെ ബാർജിൽ കൊണ്ടുപോകും. പാക്കേജുകളും കണ്ടെയ്നറുകളും വെൽഡ് ചെയ്തു ബാർജിൽ ഉറപ്പിച്ച് ഷീറ്റ് കൊണ്ട് മൂടിയാകും കവരത്തിയിലേക്ക് കൊണ്ടുപോവുക.

കവരത്തിയിൽ ബാർജിൽ നിന്ന് സാമഗ്രികൾ ഇറക്കാനായി 150 ടൺ ഭാരദ്വഹന ശേഷിയുള്ള ക്രെയിനും ബാർജിൽ കൊണ്ടുപോകും. തിരുവനന്തപുരത്ത് നിന്ന് ക്രെയിൻ ഇന്ന് കൊല്ലം പോർട്ടിലെത്തിക്കും.

തിരുവനന്തപുരം മുട്ടത്തറയിൽ നിന്ന് ആയുധധാരികളായ എയർഫോഴ്സ് സംഘത്തിന്റെയും പൊലീസിന്റെയും പ്രത്യേക എക്സ്കോർട്ടിലാണ് പ്രതിരോധ സാമഗ്രികൾ കൊല്ലത്തേക്ക് കൊണ്ടുവന്നത്. പോർട്ടിന്റെ സുരക്ഷയും ആയുധധാരികളായ എയർഫോഴ്സ് സംഘം ഏറ്റെടുത്തിട്ടുണ്ട്.

കൊല്ലം പോർട്ട് ഓഫീസർ ക്യാപ്ടൻ കെ.അശ്വനി പ്രതാപിന്റെ നേതൃത്വത്തിൽ പ്രതിരോധ സാമഗ്രികൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പോർട്ട് പരിസരത്ത് കേന്ദ്ര ഇന്റലിജൻസ് സംഘവും പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്.

ആദ്യ ബ്രേക്ക് ബൾക്ക് കാർഗോ

 കൊല്ലം പോർട്ടിൽ നിന്നുള്ള ആദ്യ ബ്രേക്ക് ബൾക്ക് കാർഗോ സർവീസാണ് എയർഫോഴ്സിന്റെ കവരത്തിയിലേക്കുള്ള ചരക്ക് നീക്കം

 മുംബയിൽ നിന്ന് ഐ.എസ്.ആർ.ഒയുടെ കൂറ്റൻ ഉപകരണങ്ങൾ കൊല്ലത്ത് എത്തിച്ച പാക്സ് ഷിപ്പിംഗ് കമ്പിനിക്കാണ് കവരത്തിയിലേക്കുള്ള ചരക്ക് നീക്കത്തിന്റെ ക്ലിയറിംഗ് ലോജിസ്റ്റിക്സ് ചുമതല

 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കൊച്ചി വഴി കവരത്തിയിലേക്ക് നേരത്തെ കൊണ്ടുപോയിരുന്ന പ്രതിരോധ സാമഗ്രികൾ എയർഫോഴ്സ് കൊല്ലം വഴിയാക്കിയതെന്നാണ് സൂചന

 കൊല്ലത്ത് ഐ.സി.പി അനുവദിക്കുന്നതിന് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ കൂടിയാണ് എയർഫോഴ്സിന്റെ ചരക്ക് നീക്കമെന്നാണ് വിവരം

പ്രതിരോധ സാമഗ്രികൾ കൊണ്ടുപോകുന്നത് വരെ പോർട്ടിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.- പോർട്ട് അധികൃതർ

TAGS: KOLLAM PORT, AIRFORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY