SignIn
Kerala Kaumudi Online
Sunday, 13 September 2026 2.42 AM IST

തൂക്കത്തിൽ തട്ടിപ്പ്: ബിസ്കറ്റ് കമ്പനി 60,000 രൂപ നഷ്ടപരിഹാരം നൽകണം

d

തൃശൂർ: 300 ഗ്രാം ബിസ്‌കറ്റ് പാക്കറ്റിൽ 52 ഗ്രാം കുറവ് കണ്ടെത്തിയതിനെ തുടർന്ന് ബിസ്‌കറ്റ് കമ്പനി നഷ്ടപരിഹാരമായി 60,000 രൂപയും പലിശയും നൽകണം. ഇത് ആവർത്തിക്കരുതെന്നും കേരള ലീഗൽ മെട്രോളജി കൺട്രോളർ സംസ്ഥാന വ്യാപകമായ പരിശോധന നടത്തി ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഉപഭോക്തൃ കോടതി വിധിച്ചു.
തൃശൂർ വരാക്കരയിലുള്ള തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് വരാക്കരയിലുള്ള ബേക്കറി ഉടമയ്‌ക്കെതിരെയും ബംഗ്‌ളുരുവിലെ ബിസ്‌കറ്റ് കമ്പനി മാനേജിംഗ് ഡയറക്ടർക്കെതിരെയും വിധിച്ചത്. ന്യൂട്രി ചോയ്‌സ് തിൻ ആരോ റൂട്ട് ബിസ്‌കറ്റ് രണ്ട് പാക്കറ്റുകളാണ് വാങ്ങിയത്. പാക്കറ്റൊന്നിന് 40 രൂപയായിരുന്നു. പാക്കറ്റുകളിൽ രേഖപ്പെടുത്തിയ തൂക്കം 300 ഗ്രാം ആയിരുന്നു. തൂക്കത്തിൽ സംശയം തോന്നിയ ജോർജ് പരിശോധിച്ചപ്പോൾ ഒരു പാക്കറ്റ് 268 ഗ്രാമും അടുത്തത് 249 ഗ്രാമും മാത്രമാണുണ്ടായിരുന്നത്. ജോർജ്, തൃശൂർ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളറിനോട് പരാതിപ്പെടുകയും തൂക്കം നോക്കി ആരോപണം സ്ഥിരീകരിച്ചു.
ഒരു പാക്കറ്റിൽ 52 ഗ്രാം കുറവുണ്ടെങ്കിൽ, അനേകം പാക്കറ്റുകൾ വില്പന നടത്തുമ്പോൾ എത്ര മാത്രം ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് ഇക്കാര്യത്തിൽ ലീഗൽ മെട്രോളജി കൺട്രാളർ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നും വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകൾക്കും പരിഹാരമായി 50000 രൂപയും ചെലവിലേക്ക് 10000 രൂപയും 9 % പലിശയും നൽകുവാൻ കൽപ്പിച്ച് വിധിച്ചു. ലീഗൽ മെട്രോളജി കൺട്രോളറോട് സംസ്ഥാനവ്യാപകമായ രീതിയിൽ പരിശോധനകൾ നടത്തി ഇപ്രകാരമുള്ള ഇടപാടുകൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാരനായി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY