
കൊച്ചി: എറണാകുളം മരട് സ്റ്റേഷനിൽ പൊലീസുകാരെ ആക്രമിച്ച പ്രതി പിടിയിലായത് പ്രതിശ്രുതവധു താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ ഫ്ളാറ്റ് മാറിക്കേറി ബഹളം വച്ചതിന് പിന്നാലെ. പ്രതിശുതവധുവിന്റെ പരാതിയിൽ പ്രതിയെ കൈകാര്യം ചെയ്ത ഫ്ളാറ്റിലെ താമസക്കാർക്കെതിരെയും കേസ്. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. 0.020 മില്ലിഗ്രാം എം.ഡി.എം.എ കൂടി പിടിച്ചെടുത്ത കേസുൾപ്പെടെ വിഷയത്തിൽ മൂന്ന് കേസായി.
ആലപ്പുഴ കുത്തിയതോട് നികർത്തിൽ വീട്ടിൽ രഞ്ജിത്തിനെയാണ് (32) ഫ്ളാറ്റിലെ വനിതാ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ച് കടക്കാനുള്ള ശ്രമത്തിനിടെ പ്രദേശവാസികൾ പിടികൂടി പൊലീസിലേൽപ്പിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പ്രതിയുടെ ആക്രമണത്തിൽ വലതുകൈ ഒടിഞ്ഞ സിവിൽ പൊലീസ് ഓഫീസർ പി.എം.ഫസൽ (40) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി.
ഇടതുകൈയുടെ കുഴ തെറ്റിയ എ.എസ്.ഐ കെ.സുമേഷ് കുമാർ (49) ആശുപത്രിയിലാണ്. കഴുത്തിന് അടിയേറ്റ എസ്.ഐ കെ.ജാക്സൺ (32) ആശുപത്രി വിട്ടു. തലയ്ക്കും നെറ്റിക്കും മൂക്കിനും പരിക്കേറ്റ് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയ പ്രതിയെ ഇന്നലെ എറണാകുളം മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ബോക്സിംഗ് പരിശീലനം കഴിഞ്ഞയാളാണെന്നാണ് വിവരം,
വെള്ളിയാഴ്ച ഉച്ചയോടെ വൈറ്റില സിൽവർസാൻഡ് ഐലൻഡിലെ നന്മ ഫ്ളാറ്റ് സമുച്ചയത്തിലായിരുന്നു സംഭവം. പണം കടം വാങ്ങിയ പെൺകുട്ടിയിൽ നിന്നും തിരിച്ചുവാങ്ങാൻ ഫ്ളാറ്റിലെത്തിയതാണെന്നാണ് പ്രതിയുടെ മൊഴി. ആളുമാറി വനിതാ ഡോക്ടറുടെ വാതിലിൽ മുട്ടി. വീട് മാറിയെന്ന് മനസിലായതോടെ വെള്ളം ആവശ്യപ്പെട്ടു. പിന്നാലെ ടോയ്‌ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽകയറി. ബഹളമായതോടെ, ഇറങ്ങിയോടിയ പ്രതി മറ്റൊരു ഫ്ളാറ്റിലും കടന്നു. ഇതോടെ താമസക്കാർ ചേർന്ന് പിടികൂടി കൈകാര്യം ചെയ്ത് പൊലീസിലേൽപ്പിച്ചു.
മരട് പൊലീസെത്തി കൊണ്ടുപോകുന്നതിനിടെ, എം.ഡി.എം.എ കണ്ടെത്തി. ഇതിൽ കേസെടുത്തതോടെ ജയിലിലെ സെല്ലിൽ തലയിടിച്ച് പരിക്കേൽപ്പിച്ചു. പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കുത്തിയതോട് പൊലീസിൽ ഉൾപ്പെടെ രണ്ട് കേസുണ്ട്. രഞ്ജിത്തിനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് ഇയാളുടെ പ്രതിശ്രുതവധു നൽകിയ പരാതിയിലും കേസെടുത്തു. ഫ്ളാറ്റിലെ താമസക്കാരിയായ കൂട്ടുകാരിക്ക് പണം കൊടുത്തത് തിരിച്ചുവാങ്ങാനെത്തിയതാണ് ഈ പരാതിയിലുമുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |