റാഞ്ചി: ചില ആളുകൾ ഭഗവാൻ ആകാൻ ആഗ്രഹിക്കുന്നുവെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി വിമർശിച്ചാണ് മോഹൻ ഭാഗവതിന്റെ പരാമർശം. ചില ആളുകൾക്ക് അതിമാനുഷികനാകാനും പിന്നീട് ഭഗവാനാകാനുമാണ് ആഗ്രഹം. ഭഗവാനായാൽ പിന്നെ വിശ്വരൂപം തന്നെയാകണമെന്നും അവിടെ അവസാനിക്കുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിലെ ബിഷ്ണുപുരിൽ വികാസ് ഭാരതി എന്ന എൻ.ജി.ഒ സംഘടിപ്പിച്ച ഗ്രാമതല സമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പുരോഗതികൾക്ക് ഒരിക്കലും അന്ത്യമില്ല. ചില ആളുകൾക്ക് സൂപ്പർമാൻ ആകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ആഗ്രഹം അവിടെ അവസാനിക്കുന്നില്ല. പിന്നെ ദേവതയാകണമെന്നു തോന്നും. പിന്നെ ഭഗവാനാകണമെന്നും. എന്നാൽ ഭഗവാൻ പറയുന്നു താൻ വിശ്വരൂപം തന്നെയാണെന്ന്. അതിലും വലുതു വേറെയുണ്ടോയെന്ന് ആർക്കുമറിയില്ല'' – മോഹൻ ഭാഗവത് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ആർഎസ്എസും ബിജെപിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നു എന്ന ആരോപണങ്ങൾക്കു പുറകേയാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന. തിരഞ്ഞെടുപ്പ് ഫലം വന്നതിനു പുറകേ അഹങ്കാരമാണ് ബി.ജെ.പിയുടെ ഭൂരിപക്ഷം കുറച്ചതെന്ന ആർ.എസ്.എസ് പ്രതികരണവും കൂടുതൽ സംവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |