ന്യൂഡൽഹി: ഇന്ത്യയ്‌ക്ക് മുന്നിൽ വ്യോമപാത അടയ്‌ക്കുന്ന പാക് നടപടിക്ക് ചുട്ട മറുപടി നൽകാൻ ആലോചനയുമായി ഇന്ത്യ. നിലവിൽ പാകിസ്ഥാൻ വ്യോമപാത അടച്ചതോടെ ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് അറേബ്യൻ കടലിനുമുകളിലൂടെ പറന്ന് മസ്‌കത്തിലൂടെ തിരിഞ്ഞുപോകേണ്ടി വന്നിരുന്നു. ഇതിന് പരിഹാരമായി ചൈനയിലെ ഷിൻജിയാംഗിന് മുകളിലൂടെ ബദൽ വ്യോമപാതഇന്ത്യ പരിശോധിക്കുന്നെന്ന് കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
കഴിഞ്ഞവർഷം ഏപ്രിലിലുണ്ടായ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയിരുന്നു. ഇതിനുശേഷം പാകിസ്ഥാൻ അവരുടെ വ്യോമപാത അടച്ചു. ഇതോടെ നിലവിൽ വ്യോമപാത മാറ്റം വഴി ഇന്ത്യൻ വിമാനങ്ങൾക്ക് 45 മിനുട്ട് മുതൽ രണ്ട് മണിക്കൂർ വരെ യാത്രാസമയത്തിൽ വർദ്ധന ഉണ്ടായി. ഇത് വിമാനകമ്പനികളുടെ ഇന്ധന ഉപഭോഗത്തിലും ചെലവിലും വലിയ വർദ്ധനയുണ്ടാക്കി. 'ഞങ്ങൾ ബദൽ മാർഗങ്ങൾ തേടുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ ഹോട്ടൻ റൂട്ട് വഴിയുള്ള ഗതാഗതത്തെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. വിദേശകാര്യ മന്ത്രാലയം അവരുമായി ചർച്ച നടത്തുകയാണ്. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. എന്തായാലും ബദൽ മാർഗങ്ങൾ നമ്മൾ നോക്കുകതന്നെയാണ്.'-റാം മോഹൻ നായിഡു വ്യക്തമാക്കി.
ചർച്ചകൾ വിജയകരമായാൽ ഡൽഹിയിൽ നിന്നും മുംബയിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങൾ ലേ വഴി ചൈനയിൽ പ്രവേശിച്ച് ഹോട്ടനിലൂടെ കിർഗിസ്ഥാനിലെത്തി അവിടെനിന്നും നിലവിലെ യൂറോപ്പ്, യുകെ, നോർത്ത് അമേരിക്ക റൂട്ടിലേക്ക് എത്തിച്ചേരും. നിലവിൽ രാജ്യത്തെ വടക്ക് നിന്നും വടക്ക് പടിഞ്ഞാറേ ദിശയിൽ നിന്നും പറക്കുന്ന വിമാനങ്ങൾ എൽ639 എന്ന റൂട്ടുവഴിയാണ് ഗതാഗതം. ഇത് പറക്കൽ സമയം രണ്ട് മണിക്കൂർ വരെ വർദ്ധിപ്പിക്കുന്നതായാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ചൈന വഴിയുള്ള വ്യോമപാത തുറന്നാൽ ബാകു, ജോർജിയ, മദ്ധ്യേഷ്യ, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് യാത്രാസമയം ഗണ്യമായി കുറയും.
പാകിസ്ഥാൻ വ്യോമപാത അടച്ചതുമൂലം ഇതുവഴി ദീർഘദൂര സർവീസുകൾ പ്രധാനമായും നടത്തുന്ന എയർഇന്ത്യയ്ക്ക് 4000 കോടിയോളമാണ് നഷ്‌ടമുണ്ടായതെന്ന് എയർഇന്ത്യ മുൻ സിഇഒ കാംബെൽ വിൽസൺ 2025ൽ പറഞ്ഞിരുന്നു. എന്നാൽ ചൈനയുമായി ഒരു ഉടമ്പടി ഉണ്ടായതായോ മറ്റ് കാര്യങ്ങളോ വ്യോമയാന മന്ത്രി ഇതുവരെ അറിയിച്ചിട്ടില്ല.
India is exploring an alternative airspace route over China's Xinjiang region to counter Pakistan's frequent airspace closures, Union Aviation Minister Ram Mohan Naidu announced. The move aims to mitigate extended travel times and increased fuel costs for flights to Europe and North America. Discussions with China are underway for the proposed route, but no final agreement has been reached.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |