
ന്യൂഡൽഹി: ക്യാൻസർ ഉൾപ്പെടെ ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പത്തിരട്ടി വരെ വില കൂട്ടി വാങ്ങുന്നത് അനുവദിക്കാനാവില്ലെന്ന് കർശന നിലപാടെടുത്ത സുപ്രീംകോടതി ഇക്കാര്യത്തിൽ നിയമ നിർമ്മാണം അനിവാര്യമാണെന്ന് വ്യക്തമാക്കി. ഇപ്പോൾ നടക്കുന്നത് കൂട്ടക്കൊലയ്‌ക്ക് തുല്യമാണെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു.
മരുന്നു വില നിയന്ത്രണ ഉത്തരവ് പേറ്റന്റുള്ള മരുന്നുകൾക്ക് ബാധകമല്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചപ്പോഴായിരുന്നു നിയമ നിർമ്മാണത്തിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാട്ടിയത്. ഏകീകൃത നിയമം കൊണ്ടു വരുന്നതിൽ തടസമെന്താണെന്നും ചോദിച്ചു. ഒക്ടോബർ 12ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്രം നിലപാട് അറിയിക്കണം.
സുതാര്യമല്ലാത്ത വില നിർണയം സാധാരണക്കാരനെ ദുരിതത്തിലാക്കുന്നു. പുറത്തു
നിന്ന് കുറഞ്ഞ വിലയ്‌ക്ക് മരുന്നുകൾ വാങ്ങാൻ വൻകിട സ്വകാര്യ ആശുപത്രികൾ രോഗികളെ അനുവദിക്കുന്നില്ല. സ്വന്തം ഫാർമസികളിൽ നിന്നു തന്നെ വാങ്ങിപ്പിക്കുന്നു. സർക്കാരിന്റെ ആരോഗ്യ പദ്ധതികൾ പ്രകാരമാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സയെങ്കിൽ ആര് റീ ഇംബേഴ്സ്മെന്റ് നൽകുമെന്ന് കോടതി ആരാഞ്ഞു.
സർക്കാർ നൽകുമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചപ്പോൾ സർക്കാരല്ല ജനങ്ങൾ അടയ്‌ക്കുന്ന നികുതിപ്പണമാണ് ഇങ്ങനെ പോകുന്നതെന്ന് കോടതി പ്രതികരിച്ചു. ഇത് നികുതിദായകരുടെ ബാദ്ധ്യതയായി മാറുകയാണെന്നും ചൂണ്ടിക്കാട്ടി.
3000ത്തിന്റെ മരുന്നിന് 27000 രൂപ!
3000 രൂപയുടെ ക്യാൻസർ മരുന്നിന് 27000 രൂപയാണ് സ്വകാര്യ ആശുപത്രികളടക്കം രോഗികളിൽ നിന്ന് ഈടാക്കുന്നത്. ഇത് അനുവദിക്കാനാവില്ല. മരുന്ന് ഡിസ്ട്രിബ്യൂട്ടർമാർ ഫാർമസികൾക്കും ചില്ലറ വ്യാപാരികൾക്കും നൽകുന്ന നിരക്കാണ് പി.ടി.ആർ. അതിൽ ടാക്‌സ് കൂടി ചേർത്ത് പരമാവധി ചില്ലറ വില (എം.ആർ.പി) നിശ്ചയിച്ചാണ് ജനങ്ങൾക്ക് വിൽക്കുന്നത്. പി.ടി.ആറിനും എം.ആർ.പിക്കും ഇടയിലുള്ള വ്യത്യാസം പരമാവധി 16 ശതമാനം വരെ മാത്രമേ പാടുള്ളു. അതാണ് അവശ്യസാധന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള മരുന്നു വില നിയന്ത്രണ ഉത്തരവിൽ നിഷ്‌കർഷിച്ചിരിക്കുന്നത്. 16 ശതമാനം വരെ മാത്രം വില വർദ്ധിപ്പിക്കുമ്പോൾ 3480 രൂപയ്‌ക്ക് രോഗിക്ക് ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |