
കടുത്തുരുത്തി : കുടിപ്പകയും, ചോരയ്ക്ക് ചോരയുമൊക്കെയായി ഗുണ്ടകളുടെ ലോകം വളരുകയാണ്. 15 - 17 നും ഇടയിൽ പ്രായമുള്ളവരും ഇതിന്റെ ഭാഗമാണെന്നതാണ് ഞെട്ടിക്കുന്നത്. ചെറിയ അടിപിടിയിൽ തുടങ്ങി പതിയെ ഒരുഗ്യാംഗായി മാറുന്നതാണ് ഇവരുടെ രീതി. ലഹരി ഇടപാടുൾപ്പെടെ കുട്ടിസംഘം നടത്തുന്നു. വിവിധ കേസുകളിൽ ജുവനൈൽ ഹോമിൽ കഴിഞ്ഞവരുൾപ്പെട്ടവർ കഴിഞ്ഞ ഏതാനും നാളുകളായി മാഞ്ഞൂർ പഞ്ചായത്തിൽ അഴിഞ്ഞാടുകയാണ്. മാഞ്ഞൂർ ജംഗ്ഷൻ, കോതനല്ലൂർ, പാറപ്പുറം, ശ്രീകണ്‌ഠേശ്വരം ഭാഗങ്ങളിലാണ് ഇവർ സ്കൂട്ടറിൽ വിലസുന്നത്. സ്‌കൂട്ടറുകളും ബൈക്കുകളും കടത്തിക്കൊണ്ടുപോകുക, അടച്ചിട്ടിരിക്കുന്ന കടകൾ തുറന്ന് സാധനങ്ങൾ മോഷ്ടിക്കുക, പാടശേഖരങ്ങളിൽ നിന്ന് മോട്ടറുകൾ മോഷ്ടിക്കുക, തെങ്ങുകളിൽ നിന്ന് കരിക്കു മോഷണം തുടങ്ങിയവയാണ് പ്രധാന വിനോദം. ചോദ്യം ചെയ്യുന്നവരെ കായികമായി നേരിടും. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് ഇടപാടുകൾ നടത്തുന്നവരുമുണ്ട്. ഇത്തരം ലഹരി ഉത്പന്നങ്ങളുടെ ചുവടു പിടിച്ചു തുടങ്ങുന്ന ചങ്ങാത്തമാണ് പല കൗമാരക്കാരെയും ഗുണ്ടാസംഘത്തിൽ എത്തിക്കുന്നത്.
പിന്നീട് സ്വന്തമായി ക്വട്ടേഷൻ ഏറ്റെടുക്കുന്നവരുമുണ്ട്. നിസ്സാര വാക്കുതർക്കത്തിന്റെ പേരിൽ ആളുകളെ സ്‌കെച്ച് ചെയ്ത് വച്ചാണ് പകവീട്ടൽ.
കത്തിമുനയിൽ നിശബ്ദരാക്കും
പാറപ്പുറം ഭാഗത്ത് ബീഡി നൽകാതിരുന്ന ആളുടെ കഴുത്തിൽ കത്തി വച്ച് സംഘം ഭീഷണി മുഴക്കി. കോടിക്കുളം – മാത്തുക്കണ്ടം ഭാഗത്ത് തെങ്ങിൽ നിന്ന് കരിക്കിടുന്നത് ചോദ്യം ചെയ്ത കർഷകനെ കനാലിൽ തള്ളിയിട്ടു. ബൈക്ക് യാത്രക്കാരടക്കം മർദ്ദനത്തിന് ഇരയാകുകയാണ്. ആയുധങ്ങളുമായാണ് ഇവരുടെ സഞ്ചാരം. പലരും പേടിച്ച് പരാതി നൽകാത്തത് ഇവർക്ക് വളമാകുകയാണ്. പ്രായപൂർത്തിയാകാത്തതിനാൽ പൊലീസും നിസംഗത പുലർത്തുകയാണെന്നാണ് ആക്ഷേപം.
തുടർനടപടികളില്ലാതെ ബോധവത്കരണം
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി വിവിധ പരിപാടികൾ ആവിഷ്‌കരിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ഏതാനും വർഷമായി ജില്ലയിൽ കഞ്ചാവ് മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്നവരിൽ ഭൂരിഭാഗവും പേരും 18 നും 23നും ഇടയിൽ പ്രായമുള്ളവരാണ്. സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള കൗമാരക്കാരെയാണ് ലഹരിയും മറ്റും നൽകി സംഘങ്ങൾ കൂടെക്കൂട്ടുന്നത്.
മാഞ്ഞൂരിൽ 6 അംഗ സംഘം
''ഭീതിയോടെയാണ് പകൽസമയത്ത് പോലും യാത്ര ചെയ്യുന്നത്. എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇവർ. പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം ഇത്തരക്കാരെ പിടികൂടാൻ തയ്യാറാകണം. ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തണം.
മാഞ്ഞൂർ നിവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |