കോട്ടയം: അന്താരാഷ്ട്ര റബർ വില ഉയരുമ്പോഴും ആഭ്യന്തര വില കീഴോട്ടു തന്നെ. കിലോയ്ക്ക് 27 രൂപയുടെ കയറ്റം വിദേശ വിപണിയിൽ ഉണ്ടായിട്ടും വില പിടിച്ചു നിറുത്താനുള്ള ടയർലോബിയുടെ ഇടപെടലിൽ വ്യാപാരി വില 183ൽ തന്നെ നിൽക്കുകയാണ്. വ്യവസായികളുടെ താത്പര്യത്തിനൊത്ത് ഉയർത്താത്ത റബർ ബോർഡ് വില 191ഉം.
കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് വിദേശ വില ഉയരാൻ കാരണം. വേനൽ ശക്തമായതോടെ ടാപ്പിംഗ് കുറഞ്ഞു. ആഭ്യന്തര വിലയും ഉയരേണ്ടതാണ്. വൻകിട വ്യവസായികളുടെ വിപണി ഇടപെടലാണ് വില ഉയരാതിരിക്കാൻ കാരണം. വിദേശ വില ഉയർന്നതിനൊപ്പം വില കുറഞ്ഞ കോമ്പൗണ്ട് റബർ ഇറക്കുമതി ചെയ്ത് വില ഇടിക്കാനുള്ള കളികളും ടയർ ലോബി തുടങ്ങി. അഞ്ചു ശതമാനം ഇറക്കുമതി നികുതിയേ കോമ്പൗണ്ട് റബറിന് ഉള്ളൂ. ഇവിടെ വില ഉയരാതിരിക്കാൻ ഈ തന്ത്രമാകും വ്യവസായികൾ പയറ്റുക.
ചൈന - 206 രൂപ
ടോക്കിയോ - 216
ബാങ്കോക്ക്- 219
ഇറക്കുമതി ചതിച്ചാശാനേ...
3120 ടൺ ഇറക്കുമതി കുരുമുളക് വിപണിയിൽ എത്തിയതോടെ കുരുമുളക് വില കിലോയ്ക്ക് എട്ടു രൂപ ഇടിഞ്ഞു. ശ്രീലങ്ക, വിയറ്റ്നാം, ബ്രസീൽ, ഇന്തോനേഷ്യ, മെഡഗാസ്കർ, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് കുരുമുളക് എത്തിയത്. അന്തർസംസ്ഥാന കുരുമുളക് വ്യാപാരികൾ ചരക്ക് സംഭരണം നിയന്ത്രിച്ച് വില ഇടിക്കാൻ ശ്രമം നടത്തി. സുഗന്ധ വ്യഞ്ജന നിർമാതാക്കളും ഇറക്കുമതി കുരുമുളകിനോട് താത്പര്യം കാട്ടുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറയുമെന്ന ആശങ്കയിലാണ് കർഷകർ. ഉത്പാദനം കുറയുമ്പോൾ വില കയറേണ്ടതാണ്. എന്നാൽ വൻതോതിൽ ഇറക്കുമതി കുരുമുളക് വിപണി പിടിച്ചത് തിരിച്ചടിയായി. മുഖ്യ കുരുമുളക് ഉത്പാദന രാജ്യങ്ങൾ വില ഉയർത്തി ചരക്കു വില്പനയ്ക്ക് ശ്രമം തുടങ്ങി. മലേഷ്യയാണ് ഏറ്റവും കൂടുതൽ വില ഉയർത്തിയത്, 9000 ഡോളർ.
കയറ്റുമതി നിരക്ക് ടണ്ണിന്
ഇന്ത്യ 7750 ഡോളർ
ശ്രീലങ്ക-6900 ഡോളർ
വിയറ്റ്നാം -6850 ഡോളർ
ബ്രസീൽ -6900 ഡോളർ
ഇന്തോനേഷ്യ- 7200 ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |