SignIn
Kerala Kaumudi Online
Friday, 29 May 2026 9.26 PM IST

അവർ നമുക്കിടയിലുണ്ട്, പക്ഷേ ഇവിടെ ജീവിക്കേണ്ടവരല്ല'; കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ട്രംപിന്റെ 'ഏലിയൻ' വെബ്‌സൈറ്റ്'

donald-trump

വാഷിംഗ്ടൺ: അമേരിക്കയിൽ അനധികൃതമായി കഴിയുന്ന വിദേശ പൗരന്മാരെ ലക്ഷ്യമിട്ട് അന്യഗ്രഹ ജീവികളുടേത് എന്ന് തോന്നിപ്പിക്കുന്ന പുതിയ വെബ്‌സൈറ്റുമായി വൈറ്റ് ഹൗസ്. ആദ്യ നോട്ടത്തിൽ യുഎസ് സർക്കാർ പുറത്തുവിട്ട രഹസ്യ വിവരങ്ങളാണെന്ന് തോന്നുമെങ്കിലും, വെബ്‌സൈറ്റിന്റെ താഴേക്ക് പോകുംതോറും ഇത് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ നാടുകടത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തമാകും. 'Aliens.gov' എന്ന് പേരിട്ടിരിക്കുന്ന സ്‌പേസ് തീം വെബ്‌സൈറ്റിൽ അമേരിക്കൻ ഭൂപടവും ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസിൽ അറസ്റ്റിലാകുന്ന കുടിയേറ്റക്കാരുടെ വിവരങ്ങൾ ട്രാക്ക് ചെയ്യാനാണ് ഭൂപടം ഉപയോഗിക്കുന്നത്. ഇതിലെ വിവരങ്ങൾ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പിലും ലഭ്യമാക്കും.

'അവർ നമുക്കിടയിൽ തന്നെയുണ്ട്. കഴിഞ്ഞ 60 വർഷമായി യുഎസ് ഗവൺമെന്റ് അതീവ രഹസ്യമായി സൂക്ഷിച്ച കാര്യമാണിത്. അന്യഗ്രഹ ജീവികൾ നമുക്കിടയിലൂടെ നടക്കുന്നു, നമ്മുടെ അയൽപക്കങ്ങളിൽ ജീവിക്കുന്നു, ദൈനംദിന ജീവിതത്തിൽ നമ്മളോട് ഇടപഴകുന്നു. ഒരൊറ്റ വ്യത്യാസം മാത്രം — അവർ ഇവിടെ ജീവിക്കേണ്ടവരല്ല.'- വെബ്‌സൈറ്റിൽ പച്ച നിറത്തിലുള്ള അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വരികൾ ഇങ്ങനെയാണ്.

ലക്ഷക്കണക്കിന് ആളുകൾ ഇരുട്ടിന്റെ മറവിൽ അമേരിക്കയിലെത്തി സമൂഹത്തിന്റെ ഭാഗമായെന്നും, മുൻ പ്രസിഡന്റുമാരും ജനപ്രതിനിധികളും ഇതെല്ലാം അറിഞ്ഞിട്ടും ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം ഇത്തരം അധിനിവേശം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നും വെബ്‌സൈറ്റ് കുറ്റപ്പെടുത്തി. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാത്രമാണ് ഈ 'ഏലിയനുകൾ' അമേരിക്കക്കാർക്ക് ഉണ്ടാക്കുന്ന ഭീഷണികളെക്കുറിച്ച് സത്യം വിളിച്ചുപറയാൻ ധൈര്യം കാണിച്ചതെന്നും വെബ്സൈറ്റ് അവകാശപ്പെടുന്നു.

ട്വിസ്റ്റുകളാൽ നിറഞ്ഞതാണ് വെബ്‌സൈറ്റിന്റെ അവസാന ഭാഗം. നിങ്ങൾ ഒരു 'ഏലിയൻ തട്ടിക്കൊണ്ടുപോകലിന്' (ഇവിടെ ഉദ്ദേശിക്കുന്നത് കുടിയേറ്റക്കാരെ ഐസിഇ ഉദ്യോഗസ്ഥർ പിടികൂടുന്നത്) സാക്ഷ്യം വഹിച്ചാൽ ഭയപ്പെടേണ്ടതില്ല. ആ ഏലിയൻ സുരക്ഷിതമായ കൈകളിലാണ്. ഞങ്ങൾ അവരെ പരിചരിച്ച് സുരക്ഷിതമായി അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചയയ്ക്കും. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന കുടിയേറ്റക്കാരെക്കുറിച്ച് വിവരങ്ങൾ നൽകാൻ ഒരു പ്രത്യേക 'ടിപ്പ് ബോക്സും' വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

വൈറ്റ് ഹൗസിന്റെ പുതിയ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ അടക്കം രംഗത്തെത്തി. ജനുവരി പകുതിയോടെയുള്ള കണക്കുകൾ പ്രകാരം 73,000 ആളുകളാണ് യുഎസിലെ എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് (ഐസിഇ) തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്നതെന്ന് യുഎസ് ഇമിഗ്രേഷൻ കൗൺസിൽ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം തടങ്കൽ കേന്ദ്രങ്ങളിൽ വ്യവസ്ഥാപിതമായ മെഡിക്കൽ അനാസ്ഥയും പീഡനങ്ങളും നടക്കുന്നുണ്ടെന്നും തടവുകാർക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെടുന്നുണ്ടെന്നും സംഘടന കുറ്റപ്പെടുത്തി. കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിനും നാടുകടത്തുന്നതിനുമെതിരെ കഴിഞ്ഞ വർഷം മുതൽ അമേരിക്കയിലുടനീളം വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ജനുവരിയിൽ മിനിയാപൊളിസിൽ നടന്ന ഇത്തരമൊരു പ്രതിഷേധ പ്രകടനത്തിനിടെ ഐസിഇ ഏജന്റുമാരുടെ വെടിയേറ്റ് റെനി ഗുഡ്, അലക്സ് പ്രെറ്റി എന്നീ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരുന്നു. പുതിയ വെബ്‌സൈറ്റ് വരുന്നതോടെ രാജ്യാന്തര തലത്തിൽ തന്നെ ട്രംപ് ഭരണകൂടത്തിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാകാനാണ് സാദ്ധ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, TRUMP, ALIEN WEBSITE, WORLDNEWS, US PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360