നാല് മാസത്തിനകം പൂർത്തിയാകും
കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാവുന്നു. ദേശീയ പാത 66 ൻ്റെ ഭാഗമായ വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതയുടെ നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിൽ. 84 ശതമാനം ജോലികൾ നിലവിൽ പൂർത്തിയായി. മേയ് 30 ആണ് നിർമാണം പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി. അതിനു മുൻപേ പ്രവൃത്തി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാറുകാരായ കെ.എം.സി കൺസ്ട്രക്ഷൻസ്. 2018 ൽ കരാർ നൽകിയ പദ്ധതി 2020 ൽ പൂർത്തിയാകേണ്ടതായിരുന്നു. പല കാരണങ്ങളാൽ 2021 ഓഗസ്റ്റിലാണു നിർമ്മാണം ആരംഭിച്ചത്. പിന്നീട് 2024 ജനുവരി വരെ സമയം അനുവദിച്ചു. അതിനകവും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് മേയ് 30 വരെ സമയം നീട്ടിയത്. ദേശീയ പാതാ വികസന ജോലികൾ നടക്കുന്ന ഘട്ടത്തിൽ വൻ ഗതാഗതക്കുരുക്കും മറ്റു പ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നു. പണി പൂർത്തിയാകുന്നതോടെ ഇതിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
പ്രവൃത്തികൾ അവസാനലാപ്പിൽ
7 മേൽപാലങ്ങൾ
4 പുഴയ്ക്ക് കുറുകെയുള്ള പാലങ്ങൾ
മൂന്നിടത്തായി ഫൂട്ട് ഓവർ ബ്രിഡ്ജുകൾ
2 ഓവർ പാസുകൾ എന്നിവയുൾപ്പെടെ 28.4 കിലോമീറ്റർ ദൂരത്തിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നത്.
മാമ്പുഴ, അറപ്പുഴ, കോരപ്പുഴ, പുറക്കാട്ടിരി എന്നിവിടങ്ങളിലാണ് പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്നത്. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ്, പന്തിരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണ് മേൽപാലങ്ങൾ. ഏഴ് മേൽപാലങ്ങളുടെയും ജോലികൾ പൂർത്തിയായി. നാല് പാലങ്ങളിൽ മൂന്നെണ്ണത്തിൻ്റെ നിർമാണവും കഴിഞ്ഞു.
ഇവിടങ്ങളിലെ അപ്രോച്ച് റോഡുകളുടെ ജോലിയും അവസാന ഘട്ടത്തിലാണ്. മലാപ്പറമ്പ്, വേങ്ങേരി എന്നിവിടങ്ങളിലെ ഓവർ പാസുകളുടെ ജോലിയാണ് ഇനി പൂർത്തിയാകാനുള്ളത്. വേങ്ങേരിയിൽ 90 ശതമാനവും, മലാപ്പറമ്പിൽ 60 ശതമാനവും ജോലികൾ പൂർത്തിയായിട്ടുണ്ട്. മലാപ്പറമ്പ് ജംഗ്ഷനിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്. ഇതോടെ 14 ഗർഡറുകളും ഇവിടെ സ്ഥാപിക്കും. കോഴിക്കോട്-വയനാട് റോഡിന് കുറുകെ 45 മീറ്ററിലാണ് ഇവിടെ മേൽപാത സജ്ജമാക്കുന്നത്. ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായാൽ മൂന്നാഴ്ചക്കകം കോൺക്രീറ്റ് ജോലികൾ നടത്തും. ഗർഡർ സ്ഥാപിക്കൽ പൂർത്തിയായ വേങ്ങേരി ഓവർ പാസിൻ്റെ കോൺക്രീറ്റ് ജോലികൾ 10 ദിവസത്തിനകം പൂർത്തിയാക്കും. മാർച്ച് പകുതിയോടെ മലാപ്പറമ്പ് വെഹിക്കിൾ ഓവർപാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നാഷണൽ ഹെെവേ അതോറിറ്റി പി.ആർ.ഒ വിശ്വനാഥൻ പറഞ്ഞു.
" മേയ് 30 ആണ് പദ്ധതി പൂർത്തിയാക്കാനുള്ള അവസാന തീയതി. അതിനുമുൻപ് തന്നെ മുഴുവൻ ജോലികളും പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കും.
- വിശ്വനാഥൻ ( പി.ആർ.ഒ , നാഷണൽ ഹെെവേ അതോറിറ്റി ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |