SignIn
Kerala Kaumudi Online
Saturday, 30 May 2026 5.48 PM IST

കോഴിമാലിന്യം സൂക്ഷിക്കാൻ കോർപ്പറേഷനിൽ കണ്ടെയ്നർ ഫ്രീസർ

vika
ജില്ലാ വികസന സമിതി യോഗം

കോഴിക്കോട്: ജില്ലയിലെ എല്ലാ കോഴിക്കടകളിലും ഫ്രീസർ വയ്ക്കണമെന്ന നിർദ്ദേശം നടപ്പാക്കുന്നിൽ കോഴി വ്യാപാരികൾ പ്രയാസമറിയിച്ചതിനെ തുടർന്ന് കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ പൊതുവായി ഉപയോഗിക്കാവുന്ന കണ്ടെയ്നർ ഫ്രീസർ സ്ഥാപിക്കും. എല്ലാ കോഴിക്കച്ചവടക്കാർക്കും ഉപയോഗിക്കാം. കോഴിമാലിന്യം ശേഖരിക്കുന്ന ഏജൻസിയാണ് ഫെബ്രുവരി പത്തോടെ ഫ്രീസർ സ്ഥാപിക്കുക. ജില്ലാ ശുചിത്വമിഷനാണ് വിവരം ജില്ലാ വികസന സമിതിയോഗത്തിൽ അറിയിച്ചത്. സംവിധാനം വിജയിച്ചാൽ ജില്ലയിലെ നാലു താലൂക്കുകളിലേക്കും വ്യാപിപ്പിക്കും. നിലവിൽ കോഴിമാലിന്യം സംസ്കരിക്കുന്ന ജില്ലയിലെ ഏക പ്ലാന്റായ കട്ടിപ്പാറയിലേക്ക് 20-25 ടണ്ണിൽ കൂടുതൽ കൊണ്ടുപോകരുതെന്ന് നിർദേശമുണ്ട്. ബാക്കി മാലിന്യം സമീപ ജില്ലകളിലെ ഏജൻസികൾക്ക് കൈമാറും. ഉരുൾപൊട്ടലിനെ തുടർന്ന് മരങ്ങളും മണ്ണും കല്ലുകളുമടിഞ്ഞ വാണിമേൽ പുഴ ശുചീകരിക്കാനുള്ള ഏഴ് പ്രവൃത്തികളിൽ ആറെണ്ണം ടെൻഡർ ചെയ്തു. ഫെബ്രുവരി 15ന് പ്രവൃത്തി തുടങ്ങും. കുറ്റ്യാടി, മണിയൂർ, വില്യാപ്പള്ളി പഞ്ചായത്തുകളിൽ ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകളുടെ പുനരുദ്ധാരണം തുടങ്ങി. മറ്റ് ഗ്രാമപഞ്ചായത്തുകളിലും ഉടൻ തുടങ്ങും. പേരാമ്പ്ര മണ്ഡലത്തിലെ ഗ്രാമീണ റോഡുകളിൽ 60 ശതമാനത്തിൻ്റെയും പുനരുദ്ധാരണം തുടങ്ങി.

ഒഴിപ്പിച്ചിടത്ത് വീണ്ടും കെെയേറ്റം

കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാതയിൽ പലയിടത്തും അനധികൃത കെെയേറ്റം ഒഴിപ്പിച്ചെങ്കിലും മുക്കം മുനിസിപ്പാലിറ്റിയിൽ വഴിയോരക്കച്ചവടക്കാർ കൂടുതൽ സ്ഥലം കെെയേറിയതായി ലിന്റോ ജോസഫ് എം.എൽ.എ പറഞ്ഞു. ഇത്‌ ഗതാഗത കുരുക്കുണ്ടാക്കുന്നു. യോഗത്തിൽ ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് അദ്ധ്യക്ഷനായി. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, എ.ഡി.എം.സി മുഹമ്മദ് റഫീക്ക്, സബ് കളക്ടർ ഹർഷിൽ ആർ മീണ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL