കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് മറ്റൊരു ക്യാമ്പസിൽ പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻബെഞ്ച് സ്റ്റേ ചെയ്തു.
വിദ്യാർത്ഥികളെ മണ്ണുത്തി ക്യാമ്പസിലേക്ക് മാറ്റി ഉപാധികളോടെ പ്രവേശനം രജിസ്റ്റർ ചെയ്ത് നൽകാനായിരുന്നു സിംഗിൾ ബെഞ്ച് നിർദ്ദേശം. ഇതിനെതിരെ സിദ്ധാർത്ഥിന്റെ അമ്മ എം.ആർ. ഷീബ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.സിംഗിൾ ബെഞ്ച് നിർദ്ദേശിച്ച പ്രകാരം സർവകലാശാലയിലെ ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ അന്വേഷണം ഉടൻ പൂർത്തിയാക്കണം. സിദ്ധാർത്ഥിന്റെ അമ്മയുടെ വാദവും സ്ക്വാഡ് കേൾക്കണമെന്നും ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
പ്രതികളായ 17 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയതും മൂന്ന് വർഷത്തേക്ക് മറ്റ് കോളേജുകളിൽ ചേരുന്നതിൽ നിന്ന് ഡീബാർ ചെയ്തതതും സിംഗിൾബെഞ്ച് നേരത്തേ റദ്ദാക്കിയിരുന്നു.മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാൻ അനുവദിക്കണമെന്ന ആവശ്യം പ്രതികൾ ഉന്നയിച്ചിരുന്നില്ലെന്നും സിംഗിൾബെഞ്ച് അത്തരമൊരു ഉത്തരവിട്ടത് തെറ്റാണെന്നും ഷീബയുടെ അപ്പീലിൽ പറയുന്നു. ആന്റി റാഗിംഗ് കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ടിൽ സിദ്ധാർത്ഥ് മർദ്ദനത്തിന് ഇരയായെന്ന് പറയുന്നുണ്ടെങ്കിലും കോടതി പരിഗണിച്ചില്ല. സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. വിഷയത്തിൽ പിന്നീട് വിശദമായ വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |