ബംഗളൂരു: ത്രിഭാഷാ നയത്തെച്ചൊല്ലി കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള പോര് മുറുകുന്നതിനിടെ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്). വിവാദം രാഷ്ട്രീയ പ്രേരിതമാണെന്നും മൂന്ന് ഭാഷകൾ പഠിക്കണമെന്നും ആർ.എസ്.എസ്. മാതൃഭാഷ, ഒരു വ്യക്തി താമസിക്കുന്നയിടത്തെ പ്രാദേശിക ഭാഷ, ജോലിക്കാവശ്യമായ ഭാഷ എന്നിങ്ങനെ മൂന്ന് ഭാഷകൾ പഠിക്കണമെന്ന് ആർ.എസ്.എസ് സംഘടനാ ജനറൽ സെക്രട്ടറി സി.ആർ മുകുന്ദ പറഞ്ഞു. ഇന്നലെ രാവിലെ ബംഗളൂരുവിൽ ആരംഭിച്ച മൂന്ന് ദിവസത്തെ അഖില ഭാരതീയ പ്രതിനിധി സഭയുടെ (എ.ബി.പി.എസ്) ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഐക്യത്തെ വെല്ലുവിളിക്കുന്ന, വടക്ക്-തെക്ക് വിഭജനം ഉയർത്തിക്കൊണ്ടുവരുന്ന ശക്തികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
'ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് മാതൃഭാഷ പ്രാഥമിക ഭാഷയായിരിക്കണം. ഇതാണ് ഒരാളുടെ വീടിന്റെയും സംസ്‌കാരത്തിന്റെയും ഭാഷ. ഇത് ചിന്തയെയും മൂല്യങ്ങളെയും സ്വത്വത്തെയും രൂപപ്പെടുത്തുന്നു. പ്രാദേശിക സമൂഹത്തിന്റെയും വിപണിയുടെയും ഭാഷയും പഠിപ്പിക്കേണ്ടതുണ്ട്. ഇത് വ്യക്തികൾക്ക് അവരുടെ സമൂഹവുമായി ഇടപഴകാനും അവരുടെ പ്രദേശത്ത് ഫലപ്രദമായി ആശയവിനിമയം നടത്താനും പൊതുജീവിതത്തിൽ പൂർണ്ണമായി ഇഴുകിചേരാനും സഹായിക്കുന്നു . ഇംഗ്ലീഷോ മറ്റേതെങ്കിലുമോ ഒരു കരിയർ ഭാഷ പഠിക്കേണ്ടതുണ്ട്. പ്രൊഫഷണൽ വളർച്ചയ്ക്കും ആധുനിക മത്സരലോകത്തും ഇത് അത്യന്താപേക്ഷിതമാണ്. ഹിന്ദി മേഖയിലെ ആർ.എസ്.എസ് കേഡർമാരോട് ഒരു ദക്ഷിണേന്ത്യൻ ഭാഷ പഠിക്കാൻ ആർ.എസ്.എസ് നിർദ്ദേശിച്ചിട്ടുണ്ട്. അത് സമൂഹത്തിന്റെ ഒരുമയ്ക്ക് സഹായകമാകും. പ്രാദേശിക ഭാഷകളെയും സംസ്‌കാരങ്ങളെയും ബഹുമാനിച്ചുകൊണ്ട് ദേശീയ ഐക്യബോധം ശക്തിപ്പെടുത്തുന്നതിന്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിശ്വാസം വളർത്തുന്നതിന് സംഘം പ്രവർത്തിക്കുന്നു. വിശ്വാസവും ഐക്യവും കെട്ടിപ്പടുക്കുന്നതിന് എല്ലാ സാമൂഹിക സംഘടനകളോടും മുകുന്ദ അഭ്യർത്ഥിച്ചു. ഭാഷയുടെ പേരിലും രൂപയുടെ ചിഹ്നത്തിന്റെ പേരിൽ പോലും തമ്മിലടിക്കുന്നത് ശരിയല്ല. അത് ഇന്ത്യയുടെ പേരിന് തന്നെ കളങ്കം ആകുമെന്നും പറഞ്ഞു.
തെക്ക്- വടക്ക്
വ്യത്യാസം ആശങ്ക
മണ്ഡല പുനർ നിർണയവും ഭാഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂടെ തെക്ക്-വടക്ക് വിഭജനം സൃഷ്ടിക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമങ്ങളിൽ മുകുന്ദ ആശങ്ക പ്രകടിപ്പിച്ചു. ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി നിർണയം നടത്തുക. അന്തിമ തീരുമാനം കേന്ദ്ര സർക്കാർ എടുക്കും.
നിലവിലെ വടക്ക് -തെക്ക് സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റുകളുടെ അനുപാതം നിലനിറുത്തി മാത്രമേ മുന്നോട്ട് പോകൂ എന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. മണിപ്പൂരിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്. സംഘർഷത്തിലായ മെയ്തി, സമാധാനം വളർത്തിയെടുക്കാൻ സംഘം സജീവമായി പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |