ന്യൂഡൽഹി: 2030ൽ ഇന്ത്യയിൽ 5ജി വരിക്കാരുടെ എണ്ണം 100 കോടിയാവുമെന്ന് ടെലികോം സെക്രട്ടറി നീരജ് മിത്തൽ പറഞ്ഞു. ആഗോള തലത്തിൽ ഏറ്റവും വേഗമേറിയ 5ജി വ്യാപനത്തിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇ.ടി ടെലികോം 5ജി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മിത്തൽ.
രാജ്യത്ത് 99.6 ശതമാനം ജില്ലകളിലും 5ജി എത്തിക്കഴിഞ്ഞു. ആകെ മൊബൈൽ ഉപഭോക്താക്കളിൽ 23 ശതമാനം പേരും 5ജിയിലേക്ക് മാറി. ഇത് 2030 ആവുമ്പോഴേക്കും 100 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈല്‍ വരിക്കാരിൽ 74 ശതമാനം വരുമിത്. 5ജി വ്യാപനത്തിനായി മറ്റ് പല പദ്ധതികളും ടെലികോം വകുപ്പ് നടപ്പാക്കി വരികയാണ്.
5ജി കണക്റ്റിവിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഇന്റർനെറ്റ് ഒഫ് തിംഗ്സ് (ഐ.ഒ.ടി) എന്നിവയാണ് വരുനാളുകളിൽ ദൈനംദിന ജീവിതത്തെ ഏറ്റവും സ്വാധീനിക്കുക. വ്യവസായങ്ങളെയും സമ്പദ് വ്യവസ്ഥയെയും ഇവ നിയന്ത്രിക്കും. സാങ്കേതിക വിദ്യയിലെ ഈ കുതിച്ചുചാട്ടം അത്ഭുതാവഹമാണ്. ആരോഗ്യ സംരക്ഷണം, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻ, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ ഒട്ടേറെ അവസരങ്ങൾ തുറക്കുമെന്നും മിത്തൽ പറഞ്ഞു.
സഞ്ചാർ സാഥി
സേവനം രക്ഷ
എഐ അധിഷ്ഠിത സഞ്ചാർ സാഥി സേവനം തട്ടിപ്പുകൾ തടയുന്നതിനും മോഷണ വസ്തു ട്രാക്ക് ചെയ്യുന്നതിനും ഉപകരിക്കന്നു
മൊബൈൽ കണക്ഷനുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനുൾപ്പെടെ പൗരൻമാരെ കേന്ദ്രീകരിച്ചുള്ള സേവനമാണ് സഞ്ചാർ സാഥി
സഞ്ചാര്‍ സാഥി സേവനം ആരംഭിച്ചശേഷം 3.4 കോടി വ്യാജ മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചു. 30 ലക്ഷം മൊബൈലുകൾ ബ്ലോക്ക് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |