SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.15 AM IST

കുട്ടികളെ ഇരുട്ടിലേക്ക് പറഞ്ഞയയ്ക്കുന്നത് ആര്?​

kv-manoj

കെ.വി. മനോജ് കുമാർ

ചെയർ പേഴ്സൺ

സംസ്ഥാന ബാലാവകാശ കമ്മിഷൻ

കുട്ടികളുടെ സുരക്ഷയ്ക്കുമേൽ ഇരുൾ വീണുതുടങ്ങിയ കാലത്തിലൂടെയാണ് കേരളം സഞ്ചരിക്കുന്നത്. ലഹരിയും സെക്സ് റാക്കറ്റുകളും മാതാപിതാക്കളുടെ അവിശുദ്ധ ബന്ധങ്ങളും... ഭീതിയുടെ വാൾമുനത്തുമ്പത്താണ് നമ്മുടെ കുട്ടികൾ. ഒരേസമയം ആക്രമിക്കപ്പെടുകയും,​ അക്രമാസക്തരാവുകയും ചെയ്യുന്ന ഇളംതലമുറയ്ക്കുവേണ്ടി നമ്മൾ കരുതലിന്റെ കടുംപ്രതിരോധം തീർക്കേണ്ടതുണ്ട്. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി, മനോജ്‌കുമാർ 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

? പഠന- സ്വഭാവ വൈകല്യങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നത് ഭാവിതലമുറയെ ദോഷകരമായി ബാധിക്കുന്നില്ലേ?

ഹൈപ്പർ ആക്ടീവ് ആയ കുട്ടികളെ കുഴപ്പക്കാരായി ചിത്രീകരിക്കുന്ന കാഴ്ചപ്പാട് അവർക്ക് ശരിയായ സമയത്ത് ചികിത്സ ലഭിക്കാതിരിക്കാൻ കാരണമാകുന്നു. ഇത്തരം കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ധ്യാപകർക്കും അറിയില്ല. ഹൈപ്പർ ആക്ടീവ് ആയ കുട്ടിക്ക് ശരിയായ സമയത്ത് ചികിത്സ ലഭിച്ചാൽ അവനാകും ഏറ്രവും മിടുക്കനായ വിദ്യാർത്ഥി. നിർഭാഗ്യവശാൽ,​ കുഴപ്പക്കാരനെന്നും വികൃതിയെന്നും മുദ്രകുത്തി അവനെ പിൻബഞ്ചിലിരുത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്.


ഹൈപ്പർ ആക്ടീവ് ആയ കുട്ടികളാണ് ലോകത്തെ മാറ്റിമറിച്ചിട്ടുള്ളത്. അവരുടെ എനർജി കൃത്യമായി വഴിതിരിച്ചുവിടാൻ മാർഗമുണ്ടാകണം. പഠനവൈകല്യങ്ങൾ തിരിച്ചറിയുന്നതിലും ഈ പോരായ്മയുണ്ട്. കുട്ടിക്ക് എഴുതാൻ കഴിയാതിരിക്കുമ്പോൾ അനുസരണയില്ല, മടിയാണ് എന്നൊക്കെ മുദ്രകുത്തരുത്. ഡിസ്‌ലെക്‌സിയ ആയിരിക്കും വില്ലൻ. ഇതു കണ്ടെത്തണം. വിദ്യാഭ്യാസ, ആരോഗ്യ, വനിതാ- ശിശുവികസന വകുപ്പുകൾ ചേർന്ന് ഡിസ്‌ലെക്‌സിയ ഉള്ള കുട്ടികളെ കണ്ടെത്തി പരിഹരിക്കുന്നതിന് പദ്ധതി തയാറാക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്.

?​ ജീവിക്കാനുള്ള നൈപുണ്യം നമ്മുടെ വിദ്യാഭ്യാസം നല്കുന്നുണ്ടോ.

 ഏറ്രവും മികച്ച സിബലസ് പഠിപ്പിക്കാനാണ് സ്കൂളുകൾ മത്സരിക്കുന്നത്. ഇത് തെറ്രായ കാഴ്ചപ്പാടാണ്. ലൈഫ് സ്കിൽ എഡ്യുക്കേഷനാണ് വേണ്ടത്. ഇത് നഴ്സറി സ്കൂളിലേ ആരംഭിക്കണം. ജീവിതത്തിന്റെ തുടക്കകാലത്ത് ലഭിക്കുന്ന നല്ല സന്ദേശങ്ങൾ ആജീവനാന്തം പിന്തുടരും. ചെറുപ്പത്തിലേ നീന്തൽ പഠിപ്പിക്കണം, ആക്ടിവിറ്റീസ് കൂട്ടണം, കളികൾക്ക് അവസരമുണ്ടാക്കണം. ഇതിനൊക്കെ പകരം അവരെ ട്യൂഷൻ ക്ളാസിലേക്ക് തള്ളിവിടുകയാണ് ഇപ്പോൾ ചെയ്യുന്നത്.

?​ കുട്ടികളിൽ അക്രമവാസന വളർത്തുന്നതിൽ സിനിമകളുടെ സ്വാധീനം...

സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ സിനിമകൾ കുട്ടികളെ കാണിക്കാൻ പാടില്ലെന്നാണ്. എന്നിട്ടും എങ്ങനെയാണ് ഈ സിനിമകൾ കുട്ടികൾ കാണുന്നത്?​ ഇതിൽ രക്ഷിതാക്കൾക്ക് വ്യക്തമായ പങ്കുണ്ട്. ഈ സാഹചര്യമാണ് ഒഴിവാക്കേണ്ടത്. ഇത്തരം സിനിമകൾക്ക് രക്ഷിതാക്കൾ കുട്ടികളുമായി എത്തുന്നത് വിലക്കാൻ തിയേറ്ററുകളിൽ സംവിധാനമില്ല. എ സർട്ടിഫിക്കറ്റുള്ള സിനിമയാണ് എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് രക്ഷിതാക്കൾ കുട്ടികളെ കൂടെക്കൂട്ടുന്നത്. അങ്ങനെ നോക്കുമ്പോൾ വയലൻസിന് ഒരു പരിധിവരെ കാരണക്കാർ രക്ഷിതാക്കളാണ്. അതേസമയം,​ രക്ഷിതാവ് നിസഹായനുമാണ്. ടെക്നോളജിയെക്കുറിച്ചുള്ള രക്ഷിതാവിന്റെ അറിവില്ലായ്മ കാരണം കുട്ടികൾ അവർക്കു മേൽ ആധിപത്യം സ്ഥാപിക്കുന്നുണ്ട്.

?​ ലഹരി ഉപയോഗം ശീലമാക്കിയ രക്ഷിതാക്കൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ഇല്ലാതാക്കുന്നില്ലേ,...

ഭാര്യയെ തല്ലുന്നവരും മദ്യപിച്ചെത്തി വീട്ടിൽ കലഹമുണ്ടാക്കുന്നവരും കുട്ടികളെ തല്ലുന്നവരുമൊക്കെ ഈ കുട്ടികളുടെ മനസിന് ഏല്പിക്കുന്ന ആഘാതം ചെറുതല്ല. രക്ഷിതാവാണ് ഇത് തിരിച്ചറിയേണ്ടത്.

?​ രക്ഷിതാക്കളുടെ അവിഹിതബന്ധങ്ങൾ കുട്ടികളുടെ ഭാവി ഇരുളിലാക്കുകയല്ലേ.

കുട്ടികളുടെ കുഴപ്പങ്ങളിലേക്ക് വിരൽചൂണ്ടുന്നവർ,​ മാതാപിതാക്കളുടെ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നില്ല എന്നത് വിചിത്രമാണ്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ആരുടെ കൂടെ ജീവിക്കണമെന്ന് രക്ഷിതാവിന് തീരുമാനിക്കാം. പക്ഷേ കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കിയേ മതിയാകൂ. കുട്ടിയെ പീഡിപ്പിക്കാൻ സൗകര്യം ചെയ്തുകൊടുത്തിട്ട് അതിൽനിന്ന് എന്തു ലാഭം കിട്ടുമെന്നതാണ് ചില രക്ഷിതാക്കളുടെ നോട്ടം. നിർഭാഗ്യവശാൽ,​ അത്തരം സംഭവങ്ങൾ വർദ്ധിച്ചുവരികയും ചെയ്യുന്നു. ക്രിമിനൽ കുറ്റമാണ് അത്.

?​ കുറ്റകൃത്യങ്ങളെക്കുറിച്ചും മറ്റുമുള്ള വിവരണങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നില്ലേ.

ദൃശ്യമാദ്ധ്യമങ്ങളിൽ രാത്രികാലത്ത് പതിവുള്ള കുറ്റാന്വേഷണ പരിപാടികളിൽ കാണിക്കുന്നതും വിവരിക്കുന്നതുമെല്ലാം അതിഭീകരമായ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ്. കുറ്രകൃത്യങ്ങളുടെ വിവരണങ്ങൾ സോഷ്യൽ മീഡിയയിലും ഉണ്ട്. കുട്ടികൾ സമൂഹത്തിന്റെ ഭാഗമായ നിലയ്ക്ക് ഇവയ്ക്കെല്ലാം കൃത്യമായ നിയന്ത്രണങ്ങൾ അനിവാര്യമാണ്.

?​ ഇന്നത്തെ കുട്ടികൾ കൂടുതൽ അക്രമാസക്തമായി പ്രതികരിക്കുന്നുണ്ടല്ലോ.

 കൊവിഡിനു ശേഷം കുട്ടികളുടെ മനോനിലയിലും മനോഭാവത്തിലും മാറ്രങ്ങൾ വന്നിട്ടുണ്ട്. ഇതിൽ നിർണായക പങ്ക് സോഷ്യൽ മീഡിയയ്ക്ക് ഉള്ളതാണ്. സ്നേഹം കിട്ടാത്ത കുട്ടി,​ സോഷ്യൽ മീഡിയയിൽ സ്നേഹം തിരഞ്ഞാൽ അതുവഴി എത്തപ്പെടുന്നത് ഡാർക്ക് വെബിലേക്കായിരിക്കും. കുട്ടികൾക്ക് സോഷ്യൽ മീ‌ഡിയയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനൊക്കെ പുറമേ എല്ലാം എളുപ്പത്തിൽ കിട്ടുന്ന സാഹചര്യവുമുണ്ട്. ഓൺലൈനായി സാധനങ്ങളും ഭക്ഷണവുമെല്ലാം ബുക്ക് ചെയ്യാനും അതിനു വേണ്ട പണം മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്ന് കൈകാര്യം ചെയ്യാനും കുട്ടികൾക്കറിയാം. ഇത്തരം സ്വാതന്ത്ര്യങ്ങളും ഹാനികരമാണ്.

?​ മാനസികാരോഗ്യം ഉറപ്പാക്കുന്നതിൽ മലയാളി പിന്നോട്ടാണല്ലോ...

 അക്രമാസക്തനാകുന്ന കുട്ടിയെ കുഴപ്പക്കാരനെന്ന് മുദ്രകുത്തുന്നതിനു മുമ്പ്,​ അതിനു പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയണം. അടുത്തിടെ സ്കൂളിൽ അക്രമാസക്തമായി പെരുമാറിയ കുട്ടി എ.ഡി.എച്ച്.‌ഡി (അറ്രൻഷൻ ഡെഫിസിറ്ര് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) ആയിരുന്നു. സംഭവത്തിനു ശേഷമാണ് ഇത് തിരിച്ചറിഞ്ഞതു പോലും. അപ്പോഴേക്കും ആ കുട്ടിയുടെ ദൃശ്യങ്ങൾ നാടാകെ പ്രചരിപ്പിക്കപ്പെട്ടു.

മാനസികാരോഗ്യ വിദഗ്ദ്ധൻ ഭ്രാന്തിനു ചികിത്സിക്കുന്നയാളാണ് എന്ന ധാരണ ഉറച്ചുപോയ മനസാണ് മലയാളികളുടേത്. തന്റെ കുട്ടിക്ക് മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് അംഗീകരിക്കാൻ രക്ഷിതാക്കൾ തയ്യാറാവാത്തത് കുട്ടിയെയാണ് ദോഷകരമായി ബാധിക്കുന്നത്. ചെറിയ കുട്ടികളിലെ സ്വഭാവ വ്യതിയാനങ്ങൾ മനസിലാക്കി, യഥാസമയം ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കണം. അദ്ധ്യാപകരും ഇതിനുള്ള അറിവ് ആർജ്ജിക്കണം. ബി.എഡിനുള്ള സിലബസിൽ സൈക്കോളജിയുണ്ട്. അത് പഠിച്ച് പരീക്ഷയെഴുതുന്നു എന്നതിനപ്പുറം അദ്ധ്യാപകരിൽ പലരും അതേക്കുറിച്ച് കൂടുതൽ മനസിലാക്കുകയോ കുട്ടികളെ നിരീക്ഷിക്കുന്നതിൽ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. ഈ അവസ്ഥ മാറണം.

?​ മാതാപിതാക്കൾ വേർപിരിയുന്ന സാഹചര്യത്തിൽ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ...

 ചിൽഡ്രൻസ് ലായർ എന്നൊരു സംവിധാനത്തെക്കുറിച്ച് കോടതി ഇപ്പോൾ പറയുന്നുണ്ട്. കുട്ടികളുടെ ഭാഗം കേൾക്കാൻ ഒരു വക്കീൽ എന്ന ഈ ആശയം വളരെ നല്ലതാണ്. കുട്ടിയുടെ ഭാഗം കേട്ടിട്ട് കോടതിയോട് സംസാരിക്കാനുള്ളതാണ് ഈ വക്കീൽ. മാതാപിതാക്കളുടെ കലഹങ്ങളും കടുംപിടിത്തങ്ങളും തങ്ങളിലേൽപ്പിച്ച ആഘാതം അവർതന്നെ വിവരിക്കട്ട. മാതാപിതാക്കൾക്ക് തിരുത്താൻ അവസരമുണ്ടാവട്ടെ. കുട്ടികൾ രാവിലെ മുതൽ വൈകുംവരെ കോടതി അന്തരീക്ഷത്തിൽ ചെലവഴിക്കേണ്ട ദയനീയ സാഹചര്യമുണ്ട്. കുട്ടിയെ വീട്ടിൽ തനിച്ചാക്കി പോകാനാവാത്ത അമ്മമാർ അവരുമായി കോടതിയിലെത്തുന്നു. കുടുംബകോടതികൾ ശിശുസൗഹൃദമല്ല. ആ സാഹചര്യവും മാറണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHILD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY