
പത്തനംതിട്ട : ശുദ്ധവായു ലഭിക്കുന്ന ജില്ല, വനവും പുഴകളും നിറഞ്ഞ പ്രകൃതി സമ്പത്ത്. എന്നാൽ നമ്മൾ ജീവിക്കുന്നത് വലിയ മാലിന്യ ബോംബിന് മുകളിലെന്ന് ജില്ലാ ശുചിത്വമിഷൻ. ജില്ലയ്ക്ക് സ്വന്തമായി മാലിന്യ സംസ്കരണ പ്ളാന്റ് നിർമിക്കാൻ ഇനിയും വൈകിയാൽ വലിയ ദുരന്തമുണ്ടാകുമെന്നും മുന്നറിയിപ്പ്. മാലിന്യ സംസ്കരണ പ്ളാന്റിലൂടെ മാത്രമേ പരിഹാരം കാണാനാകുവെന്ന് ശിൽപ്പശാലയിൽ ഉദ്യോഗസ്ഥർ തുറന്നുപറഞ്ഞു. മറ്റ് ജില്ലകളിലെ ജനങ്ങൾ മാലിന്യ സംസ്കരണ പ്ളാന്റിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് സഹകരിക്കുന്നുണ്ട്. പ്രതിഷേധത്തിന്റെ പേരിൽ മാറ്റിവയ്ക്കാനും ഉപേക്ഷിക്കാനും കഴിയുന്നതല്ല പ്ളാന്റ് നിർമ്മാണം. നമ്മൾ മുഖം തിരിച്ചു നിന്നാൽ മാലിന്യം കുന്നുകൂടുന്ന ജില്ലകളിൽ ഒന്നാമതെത്തും.
ജില്ലയിലെ ഭൂഗർഭ ജല സ്രോതസുകളിലും കുഴൽ കിണറുകളിലും മനുഷ്യ മാലിന്യത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. കക്കൂസ് മാലിന്യം ശേഖരിക്കാൻ ഇടമില്ലാത്തതാണ് ജില്ല നേരിടുന്ന പ്രതിസന്ധി. പ്രതിദിനം ഒന്നര ലക്ഷം ടൺ കക്കൂസ് മാലിന്യമാണ് ജില്ലയിൽ ശേഖരിക്കുന്നത്. ഇത് എവിടെ തള്ളുന്നുവെന്നത് എല്ലാവരും ചിന്തിക്കേണ്ടതാണ്. ജില്ലയ്ക്ക് ശൗചാലയ മാലിന്യ സംസ്കരണ പ്ളാന്റുണ്ടെങ്കിൽ പ്രതിസന്ധിക്ക് പരിഹാരമാകും.
ഡയപ്പർ മാലിന്യമാണ് ജില്ല നേരിടുന്ന മറ്റൊരു പ്രശ്നം. പ്രതിദിനം എട്ട് ടൺ ഡയപ്പറുകളാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉപയോഗ ശേഷം തള്ളുന്നത്. ഇതിൽ ഭൂരിഭാഗവും കാടുവളർന്ന സ്ഥലങ്ങളിലും കനാൽ, തോട് വശങ്ങളിലുമാണ് തള്ളുന്നത്. ആഘോഷ ചടങ്ങുകളിലെ വെൽക്കം ഡ്രിങ്കുകളിലും മറ്റ് ശീതള പാനീയങ്ങളിലും കോളി ബാക്ടീരിയയുടെ അളവ് കൂടതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കൊടുമണ്ണിൽ മാലിന്യ സംസ്കരണ പ്ളാന്റ്
കൊടുമണ്ണിൽ ശൗചാലയ മാലിന്യ സംസ്കരണ പ്ളാന്റിന് കണ്ടെത്തിയ സ്ഥലം ജനങ്ങളെ ബാധിക്കുന്നതല്ലെന്ന് ശുചിത്വമിഷൻ ജില്ലാ മിഷൻ കോർഡിനേറ്റർ നിഫി എസ്.ഹക്ക് അറിയിച്ചു. പാട്ടക്കാലാവധി കഴിഞ്ഞ കൊടുമൺ പ്ളാന്റേഷനിൽ 515 ഹെക്ടർ സ്ഥലമുണ്ട്. ജനവാസിമില്ലാത്ത ഇവിടെ മാലിന്യ പ്ളാന്റ് നിർമ്മിക്കാൻ 65 സെന്റ് സ്ഥലം മതി. ഒരു തരത്തിലും മലിനീകരണ പ്രശ്നമുണ്ടാക്കാത്ത സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് പ്ലാന്റ് സ്ഥാപിക്കുക. പ്രദേശിക എതിർപ്പുകളുയർന്നത് തെറ്റിദ്ധാരണ മൂലമാണ്. തിരുവനന്തപുരത്തും എറണാകുളത്തും വയനാട്ടിലും പ്ളാന്റ് നിർമ്മിച്ചു. ആലപ്പുഴയിൽ ഉടൻ സ്ഥാപിക്കും.
ശിൽപ്പശാല
മാലിന്യ മുക്ത ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷൻ പത്തനംതിട്ടയും പത്രപ്രവർത്തക യൂണിയനും പത്തനംതിട്ട പ്രസ്ക്ളബും ചേർന്ന് നടത്തിയ ശിൽപ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ക്ളബ് പ്രസിഡന്റ് ബിജു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ എ.എസ് നൈസാം, പ്രസ് ക്ളബ് സെക്രട്ടറി ജി.വിശാഖൻ, ശുചിത്വമിഷൻ ജില്ലാ മിഷൻ കോർഡിനേറ്റർ നിഫി എസ്.ഹക്ക്, അസി.കോർഡിനേറ്റർ ആദർശ് പി.കുമാർ, ടെക്നിക്കൽ കൺസൾട്ടന്റ് അരുൺ വേണുഗോപാൽ, അസി.മിഷൻ കോർഡിനേറ്റർ എസ്.അനൂപ് എന്നിവർ പങ്കെടുത്തു.
മാലിന്യ സംസ്കരണത്തോടുള്ള മനോഭാവത്തിൽ മാറ്റംവരണം. ജനകീയ പ്രതിഷേധവും ആശങ്കയും പരിഹരിച്ചാകും പ്ളാന്റ് സ്ഥാപിക്കുക.
ശുചിത്വ മിഷൻ അധികൃതർ
ജില്ലയിൽ പ്രതിദിനം ശേഖരിക്കുന്നത്
ലിറ്റർ കക്കൂസ് മാലിന്യം : 1.50 ലക്ഷം
ഡയപ്പർ മാലിന്യം : എട്ട് ടൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |