
പാലാ: മയക്കുമരുന്നായി ഉപയോഗിക്കാൻ എത്തിച്ച മെഫൻടെർമൈൻ സൾഫേറ്റുമായി യുവാവ് പിടിയിൽ. കണ്ണൻ എന്ന ജിതിൻ ജോസിനെ (32) പാലാ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. രക്തസമ്മർദ്ദത്തിനും ഹൃദയ ശസ്ത്രക്രിയാവേളയിലും ഉപയോഗിക്കുന്ന ഇഞ്ചക്ഷനായ മെഫൻടെർമൈൻ സൾഫേറ്റിന്റെ 300 വയലുകളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളനാട് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. കൊറിയർ മുഖാന്തരമാണ് മരുന്ന് എത്തിച്ചത്. 140 രൂപ വിലയുള്ള മെഫൻടെർമൈൻ 500 രൂപ നിരക്കിലാണ് ജിതിൻ വിറ്റിരുന്നത്. വിദഗ്ദ്ധോപദേശം കൂടാതെ മരുന്ന് കുത്തിവച്ചാൽ ഗുരുതര പ്രശ്നങ്ങളുണ്ടാകും. പിടിച്ചെടുത്ത മെഫൻടെർമൈൻ ഡ്രഗ്സ് ഡിപ്പാർട്ട്മെന്റിന് കൈമാറി. ഈ മരുന്നിന്റെ ദുരുപയോഗം1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് സെക്ഷൻ 18(1) &27 (ബി)(2) പ്രകാരം മൂന്നുവർഷം മുതൽ അഞ്ചു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, ഡ്രഗ് ഇൻസ്പെക്ടർമാരായ ബബിതാ കെ. വാഴയിൽ, താരാ എസ്. പിള്ള, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ കെ.വി, പ്രിവന്റീവ് ഓഫീസർ മനു ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, അക്ഷയ് കുമാർ.എം, വനിത സിവിൽ എക്സൈസ് ഓഫീസർ സുജാത സി.ബി, സിവിൽ എക്സൈസ് ഡ്രൈവർ സുരേഷ് ബാബു വി.ആർ എന്നിവരാണ് പരിശോധന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |