
കാലടി: മയക്കുമരുന്ന് വിതരണ സംഘങ്ങളെ പിടികൂടാൻ രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ മദ്യലഹരിയിൽ നേപ്പാൾ യുവതിയും സുഹൃത്തും ചേർന്ന് ആക്രമിച്ചു. എസ്.ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തിൽ യുവതി സഞ്ച്മായ ലിംബ് (38), സുഹൃത്ത് സുമൻ (36) എന്നിവരെ അയ്യമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് അയ്യമ്പുഴ കുറ്റിപ്പാറ പള്ളി ഭാഗത്ത് ആളൊഴിഞ്ഞ റബർതോട്ടത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന രണ്ട് പേരും പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എസ്.ഐയും സംഘവും പിന്തുടർന്ന് തടഞ്ഞ് നിറുത്തി ചോദ്യം ചെയ്തു. തുടർന്നാണ് പൊലീസിനെ ഇരുവരും ചേർന്ന് ആക്രമിച്ചത്. എസ്.ഐ ജോർജിന്റെ മുഖത്ത് അടിയേറ്റു. വനിതാ എ.എസ്.ഐ റോസ, സീനിയർ സി.പി.ഒ മാരായ പ്രസാദ്, അരുൺ എന്നിവർക്കും സാരമായ പരിക്കേറ്റു. പൊലീസുകാരിൽ ഒരാൾക്ക് രണ്ട് കൈയിലും കടിയേറ്റു.
മദ്യലഹരിയിലായിരുന്ന യുവതിയാണ് ഏറ്റവും അക്രമാസക്തയായിരുന്നത്. പണിപ്പെട്ടാണ് ഇരുവരെയും സ്റ്റേഷനിലെത്തിച്ചത്. മർദ്ദനമേറ്റ പൊലീസുദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടി മഞ്ഞപ്രയിലെ ഫാമുകളിലെ കറവക്കാരാണ് പ്രതികൾ. രാത്രി എട്ട് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇരുവരും അയ്യമ്പുഴയിലെത്തിയത്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |