SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.59 AM IST

വിഴിഞ്ഞം തുറക്കുമ്പോൾ കരുതലോടെ വല്ലാർപാടം

vallarpadam

കൊച്ചി: വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യുമ്പോൾ ചരക്കുനീക്കത്തിലുണ്ടാകുന്ന മത്സരം നേരിടാൻ ഒരുങ്ങി കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ. വിഴിഞ്ഞത്തെ വിപുലമായ സൗകര്യങ്ങളോട് കിടപിടിക്കാനാകില്ലെങ്കിലും പൊരുതി നിൽക്കാനാണ് വല്ലാർപാടത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി കപ്പൽച്ചാൽ ആഴം കൂട്ടി വലിയ കപ്പലുകൾ എത്തിക്കാനുള്ള പദ്ധതിക്ക് വീണ്ടും ജീവൻവച്ചു.

കേന്ദ്ര സർക്കാ‌ർ സ്ഥാപനമായ കൊച്ചി തുറമുഖ അതോറിട്ടിക്ക് കീഴിലുള്ള വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ സ്വകാര്യ കമ്പനിയായ ദുബായ് പോർട്ട് വേൾഡാണ് 30 വർഷത്തേക്ക് കൈകാര്യം ചെയ്യുന്നത്. വിഴിഞ്ഞത്തെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിനും. കപ്പൽച്ചാലിന്റെ ആഴക്കുറവാണ് വല്ലാർപാടത്തിന്റെ പ്രധാന ന്യൂനത. 14.5 മീറ്ററാണ് നിലവിലെ ആഴം. അതിനാൽ മദർ ഷിപ്പുകളെന്നറിയപ്പെടുന്ന വലിയ കപ്പലുകൾക്ക് കൊച്ചി തുറമുഖത്ത് അടുക്കാനാകാത്ത സ്ഥിതിയാണ്. പുറം കടലിൽ ഇവ നങ്കൂരമിടുമ്പോൾ ചെറിയ കപ്പലുകൾ ഉപയോഗിച്ചാണ് കൊച്ചിയിൽ ചരക്ക് കയറ്റിറക്കം. 14-ാം വർഷമായിട്ടും പ്രതിവർഷ ശേഷിയുടെ 83 ശതമാനമാണ് വല്ലാർപാടത്തിന് കൈവരിക്കാനായത്.

 കപ്പൽച്ചാൽ ആഴം വേണം

വലിയ ചരക്കു കപ്പലുകൾ 15,000 - 20,000 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) ശേഷിയുള്ളതാണ്. ഇവ അടുപ്പിക്കണമെങ്കിൽ കപ്പൽച്ചാലിന് 16-18 മീറ്റർ ആഴം വേണം. അതേസമയം, വിഴിഞ്ഞത്തെ ചാലിന് 20 മീറ്റർ ആഴമുള്ളതിനാൽ ലോകത്തെ ഏറ്റവും വലിയ കപ്പലുകളിൽ ഒന്നായ 'എം.എസ്.സി. തുർക്കി' വരെ ബെർത്തിൽ അടുപ്പിക്കാനായിരുന്നു. വല്ലാർപാടത്ത് കപ്പൽച്ചാലിന്റെ ആഴം 16 മീറ്ററാക്കാനാണ് കൊച്ചി തുറമുഖ അതോറിട്ടിയുടെ തീരുമാനം. ബിസിനസ് കൂട്ടാമെന്ന് ഡി.പി. വേൾഡ് ഉറപ്പുനൽകുന്ന പക്ഷം അടുത്തവർഷം പണി പൂർത്തിയാക്കും. ഒപ്പം ബെർത്തിന്റെ നീളം 600 ൽ നിന്ന് 900 മീറ്ററാക്കുകയും വേണം. രണ്ടു വർഷം ഫ്രീസറിൽ വച്ചിരുന്ന പദ്ധതിക്ക് ഇപ്പോൾ എസ്റ്റിമേറ്റ് ഇരട്ടിയായി വർദ്ധിച്ച് 900 കോടി രൂപയായിട്ടുണ്ട്. ഇത് തുറമുഖ അതോറിട്ടി വഹിക്കണം.

 വല്ലാർപാടം

പ്രതിവർഷ ശേഷി: 10 ലക്ഷം ടി.ഇ.യു

2024- 25 ൽ കൈവരിച്ചത്: 8.34 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL