SignIn
Kerala Kaumudi Online
Monday, 18 May 2026 11.01 AM IST

ഏറ്റവും എളുപ്പം നട്ടുവളർത്താം,​ ആവശ്യക്കാരും കൂടുതൽ,​ നാല്പത് സെന്റിലെ വിജയഗാഥ

d

കുളത്തൂർ: കറിവേപ്പില കൃഷിയിൽ വിജയഗാഥ തീർത്ത് കോലത്തുകര മോഹനൻ.ശ്രീനാരായണ ഗുരുദേവ ഭക്തനും പ്രഭാഷകനുമായ കോലത്തുകര മോഹനനാണ് കറിവേപ്പില കൃഷിയിൽ നൂറുമേനി നേട്ടവുമായി ചരിത്രം കുറിക്കുന്നത്. തെറ്റിയാർ തോടിന്റെ കരയിലെ നാല്പത് സെന്റ് പുരയിടത്തിലാണ് കറിവേപ്പില കൃഷി.ദിനംപ്രതി നിരവധി കച്ചവടക്കാരാണ് ഇവിടെ വന്ന് കറിവേപ്പില വാങ്ങിപ്പോകുന്നത്.വിവാഹ കാറ്ററിംഗ് സംഘങ്ങളും കറിവേപ്പില വാങ്ങാനെത്തുന്നുണ്ട്.


പരമ്പരാഗത രീതിയിൽ ജൈവ വളങ്ങളും ജൈവ കമ്പാേസ്റ്റുകളും ഉപയോഗിച്ചാണ് കൃഷി.വിത്ത് മുളപ്പിച്ച് തൈ നടുന്നതിന് പകരം,​കറിവേപ്പില ചെടിയുടെ വേരുകളിൽ നിന്ന് പൊട്ടിവരുന്ന മുളകളാണ് നടാൻ ഉപയോഗിക്കുന്നത്. നാല് മീറ്റർ ഇടവിട്ട് കുഴികളെടുത്ത് ഒന്നര അടിതാഴ്ചയിൽ ജൈവവളം നിറച്ചാണ് തൈകൾ നടുന്നത്. ഒരു മീറ്റർ വളർന്ന് കഴിഞ്ഞാൽ മാത്രമേ ഇല ഒടിക്കൂ. അങ്ങനെ ഒടിച്ചാൽ ആ ഭാഗത്ത് നിന്ന് നിറച്ച് ഇലകളോടെ പുതിയ ശിഖരങ്ങളുണ്ടാകും.

കറിവേപ്പിലയ്ക്ക് മറ്റ് പച്ചക്കറികളെപ്പോലെ വില കിട്ടാറില്ലെങ്കിലും,​നല്ല ഗുണമേന്മയുള്ള കറിവേപ്പില ഉപഭോക്താക്കൾക്ക് നൽകുന്ന ആത്മസംതൃപ്തിയാണ് വലുതെന്ന് കോലത്തുകര മോഹനൻ പറയുന്നു.

പ്രതിരോധ ശേഷിയും

ലുക്കീമിയ,പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയെ ചെറുക്കാനും ഡയബറ്റിക്,കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

എളുപ്പം വളരും

അടുക്കളത്തോട്ടത്തിൽ ഏറ്റവും എളുപ്പം നട്ടുവളർത്താവുന്ന ചെടിയാണ് കറിവേപ്പ്.വളക്കൂറും ഈർപ്പവുമുള്ള മണ്ണിൽ കറിവേപ്പ് തഴച്ച് വളരും.വൈറ്റമിൻ ബി,സി,ഡി എന്നിവ കറിവേപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റുകളുടെ ഒരു കലവറയാണ് കറിവേപ്പില.

ഇടവിള കൃഷിയും

ഇടവിളകളായി ചീരയും, കത്തിരിക്കയും,വെള്ളരിയും,നീളൻ പയറും,വെണ്ടയും മത്തനുമെല്ലാം കൃഷി ചെയ്യുന്നുണ്ടെങ്കിലും കറിവേപ്പില കൃഷിക്കാണ് മുൻതൂക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AGRICULTURE, AGRICULTURE NEWS, AGRICULTURE, CURRYLEAF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY