SignIn
Kerala Kaumudi Online
Friday, 12 June 2026 4.01 AM IST

മരണത്തിലും പിരിയാത്ത സ്നേഹം; അന്നദാതാവിന്റെ   വിയോഗത്തിൽ വിതുമ്പി കുരങ്ങൻ, കണ്ണ് നനയിക്കുന്ന കാഴ്ച

monkey

ബംഗളൂരു: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സ്‌നേഹത്തിന് ഭാഷയോ വർഗമോ ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് തന്റെ പ്രിയപ്പെട്ട മുത്തശ്ശിയെ വിട്ടുപിരിയാതെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന വൈറലായ കുരങ്ങിന്റ ദൃശ്യങ്ങൾ. 85കാരിയായ പാർവതമ്മയുടെ മൃതദേഹത്തിന് അരികിലിരുന്ന് കരയുന്ന കുരങ്ങാണ് ‌ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണ് നനയിച്ചത്. കർണാടകയിലെ രായര ദൊഡ്ഡിയിലാണ് കരളലിയിക്കുന്ന സംഭവം.

കഴിഞ്ഞ ദിവസമായിരുന്നു വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പാർവതമ്മയുടെ അന്ത്യം. വർഷങ്ങളായി തന്റെ വീടിന് പരിസരത്തെത്തുന്ന കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നത് പാർവതമ്മയുടെ പതിവായിരുന്നു. പലരും കുരങ്ങുകളെ ശല്യക്കാരായി കണ്ട് ആട്ടിയോടിച്ചപ്പോൾ പാർവതമ്മ അവരെ കൂട്ടുകാരായി കണ്ട് സ്‌നേഹത്തോടെ ഭക്ഷണവും വെള്ളവും നൽകിപ്പോന്നു. ഈ സ്‌നേഹമാണ് പാർവതമ്മയുടെ വിടവാങ്ങൽ ചടങ്ങ് എല്ലാവരെയും വിസ്മയിപ്പിക്കുന്ന കാഴ്ചയായി മാറിയത്.

അന്തിമോപചാരം അർപ്പിക്കാൻ ആളുകൾ തടിച്ചുകൂടിയപ്പോൾ, ഭക്ഷണത്തിന് വേണ്ടിയല്ല മറിച്ച് തന്റെ പ്രിയപ്പെട്ട മുത്തശ്ശിയെ അവസാനമായി കാണാനാണ് ആ കുരങ്ങൻ എത്തിയത്. ആൾക്കൂട്ടത്തിനിടയിലൂടെ ശാന്തനായി നടന്നു വന്ന കുരങ്ങ് പാർവതമ്മയുടെ മൃതദേഹത്തിന് അരികിൽ ഇരിക്കുകയും, അവരുടെ മുഖത്തോട് മുഖം ചേർത്ത് കണ്ണ് അടച്ചുപിടിച്ച് ദുഃഖം പ്രകടിപ്പിക്കുകയുമായിരുന്നു.


ഇതാദ്യമായല്ല മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം വാർത്തകളിൽ നിറയുന്നത്. 2023ൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ നാല് മാസത്തോളം തന്റെ ഉടമയെ കാത്തുനിന്ന നായയെ 'കേരളത്തിന്റെ ഹാച്ചിക്കോ' എന്നായിരുന്നു ലോകം വിശേഷിപ്പിച്ചിരുന്നത്.

തന്റെ ഉടമയെ ആശുപത്രിയിൽ എത്തിച്ച് പിന്നീട് മോർച്ചറിയിലേക്ക് മാറ്റിയത് മുതൽ തിരികെ വരുമെന്ന പ്രതീക്ഷയിൽ മാസങ്ങളോളമാണ് നായ അവിടെത്തന്നെ ചിലവഴിച്ചത്. താൻ സ്‌നേഹിക്കുന്നയാൾ തന്നെ വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയാത്ത മൃഗങ്ങളുടെ നിഷ്‌കളങ്കമായ സ്‌നേഹം അന്നും ഏവരെയും കണ്ണീരണിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HUMAN ANIMAL BOND, KARNATAKA, MONKEY MOURNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360