SignIn
Kerala Kaumudi Online
Friday, 10 April 2026 3.03 PM IST

അവിശ്വാസിയും  ക്ഷേത്രത്തിൽ  പോയാൽ ആചാരം  പാലിക്കണം : ജസ്റ്റിസ് ജോയ്‌മല്യ

Increase Font Size Decrease Font Size Print Page
sc


വിശ്വാസ വിഷയങ്ങളിൽ ജുഡിഷ്യറിക്ക് അധികാരമില്ലെന്ന് എൻ.എസ്.എസ്

ന്യൂഡൽഹി: അവിശ്വാസിയാണെങ്കിലും,​ ക്ഷേത്രത്തിൽ പോയാൽ അവിടത്തെ ആചാരങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ഒൻപതംഗ വിശാല ബെഞ്ചിലെ ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി നിരീക്ഷിച്ചു. ദർശനം നടത്തുമ്പോൾ ആ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങൾ ഭക്തർ പാലിക്കണമെന്ന് ബെഞ്ചിലെ ഏക വനിതാ ജഡ്‌ജി ബി.വി. നാഗരത്നയും പറഞ്ഞു.

ശബരിമല യുവതീപ്രവേശനം അടക്കം വിവിധ സമുദായങ്ങളുമായി ബന്ധപ്പെട്ട വിശ്വാസ വിഷയങ്ങളിൽ വാദം കേൾക്കുകയായിരുന്നു വിശാല ബെഞ്ച്.

ഹിന്ദു മതത്തിന് കർശനമായ പ്രത്യേക ഘടനയില്ലെന്നും ബഹുസ്വരതയിലൂന്നിയ ആചാരങ്ങളാണുള്ളതെന്നും എൻ.എസ്.എസിന്റെ അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതികരണം. വിശ്വാസ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ജുഡിഷ്യറിക്ക് അധികാരമില്ലെന്ന് എൻ.എസ്.എസ് വാദിച്ചു.

കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഷർട്ടു ധരിച്ച് കയറാൻ അനുവാദമില്ലല്ലോയെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ് ചൂണ്ടിക്കാട്ടി. ഷർട്ട് ധരിച്ചു കൊണ്ട് കയറണമെന്ന് അവിടെ നിർബന്ധം പിടിക്കാൻ കഴിയില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ ഷർട്ട് ധരിക്കാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സൂചിപ്പിച്ചു. ഗുരുദ്വാരയിൽ പോകുമ്പോൾ തലഭാഗം തുണി കൊണ്ട് മറയ്‌ക്കണമെന്നുമുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ബി.വി. നാഗരത്ന,എം.എം. സുന്ദരേഷ്,അഹ്സാനുദ്ദിൻ അമാനുള്ള,അരവിന്ദ് കുമാർ,അഗസ്റ്റിൻ ജോർജ് മസീഹ്,പ്രസന്ന ബി. വരാലെ,ആർ. മഹാദേവൻ,ജോയ്‌മല്യ ബാഗ്ചി എന്നിവരുൾപ്പെട്ട വിശാല ബെഞ്ചിനു മുന്നിൽ അടുത്തയാഴ്ച വാദം തുടരും. ദേവസ്വം ബോർഡ് ബുധനാഴ്ച വാദം ഉന്നയിച്ചേക്കും.

അയ്യപ്പന്മാർ പ്രത്യേക

വിശ്വാസി സമൂഹം

അയ്യപ്പന്മാർ പ്രത്യേക വിശ്വാസി സമൂഹമെന്ന് എൻ.എസ്.എസ് വാദിച്ചു. മറ്റു മതക്കാർക്കും ശബരിമലയിൽ പ്രവേശനമുണ്ട്. ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും അടക്കം വിലക്കില്ല. അയ്യപ്പനിൽ വിശ്വാസമുണ്ടായാൽ മാത്രം മതി. 41 ദിവസത്തെ വ്രതമെടുക്കൽ അടക്കം ആചാരങ്ങൾ പാലിക്കണം.

 ക്ഷേത്രത്തിൽ എല്ലാ വിഭാഗത്തിനും

പ്രവേശനമാകാം: ജസ്റ്റിസ് നാഗരത്ന

തന്റെ വിഭാഗത്തിലുള്ളവർ മാത്രമേ തന്റെ ക്ഷേത്രത്തിൽ കയറാവൂയെന്ന് പറയുന്നത് ഹിന്ദുമതത്തിന് നല്ലതല്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും ചൂണ്ടിക്കാട്ടി. അത്തരം സമീപനം സമൂഹത്തിൽ വിഭജനമുണ്ടാക്കുമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ കൂട്ടിച്ചേർത്തു.

കർണാടകയിലെ മൂൽക്കി ക്ഷേത്രം ഗൗഡ സാരസ്വത് ബ്രാഹ്‌മണരുടേതാണ്. അവിടെ മറ്റു വിഭാഗങ്ങൾക്ക് പ്രവേശനം നൽകാത്തതിൽ സുപ്രീംകോടതി ഇടപെട്ടിരുന്നു. ക്ഷേത്ര പ്രവേശന നിയമം മൂൽക്കി ക്ഷേത്രത്തിനും ബാധകമാണെന്ന് വിധിച്ചു. ഈ വിധി എൻ.എസ്.എസ് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ജഡ്‌ജിമാരുടെ പ്രതികരണം.

പുരുഷന്മാർക്ക് പ്രവേശനമില്ല

ചില ക്ഷേത്രങ്ങളിൽ പുരുഷന്മാരെയും അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തർ വാദിച്ചു. രാജസ്ഥാനിലെ പുഷ്‌കർ ബ്രഹ്‌മ ക്ഷേത്രത്തിൽ വിവാഹിതരായ പുരുഷന്മാർക്ക് പ്രവേശനമില്ല. ചവറയിലെ കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിൽ പുരുഷന്മാർ സ്ത്രീ വേഷം ധരിച്ച് ക്ഷേത്ര ദർശനം നടത്തുന്നു. പുരുഷ കേന്ദ്രീകൃതമാണോ സ്ത്രീ കേന്ദ്രീകൃതമാണോയെന്നതല്ല, ക്ഷേത്രത്തിലെ ആചാരമാണ് വിഷയമെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.

TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.