SignIn
Kerala Kaumudi Online
Friday, 11 September 2026 10.00 PM IST

എയർ ഇന്ത്യ വിമാനം ഇൻഷുർ ചെയ‌്തത് 375 കോടിക്ക്,​ ആശ്രിതർക്ക് ഒരു കോടിക്ക് മേൽ നഷ്‌ടപരിഹാരം ലഭിച്ചേക്കും

karipoor-plane-crash

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ നഷ്‌ടമായവരുടെ ആശ്രിതർക്ക് ഒരു കോടിക്ക് മേൽ നഷ്‌ടപരിഹാരം ലഭിച്ചേക്കും. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസിന് 375 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണുള്ളത്. 75 ലക്ഷം മുതൽ ഒരു കോടിക്ക് മേൽ വരെയാകും നഷ്‌ടപരിഹാരത്തുക നിശ്‌ചയിക്കപ്പെടുക. ഇന്ത്യയിലെ നാലു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ കൺസോർഷ്യമാണ് വിമാനം ഇൻഷുർ ചെയ്‌തിരിക്കുന്നത്. എന്നാൽ നഷ്‌ടപരിഹാരം ലഭിക്കുന്നതിന് അൽപം കാലതാമസം ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) അന്വേഷണറിപ്പോർട്ടിനും ഇൻഷുറൻസ് കമ്പനികളുടെ സർവേ റിപ്പോർട്ടിനും ശേഷമേ തുകയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ കഴിയൂ എന്നതുകൊണ്ടാണിത്.

വിമാനയാത്രയ്‌ക്കിടെ ഉണ്ടാകുന്ന അപകടത്തിൽ യാത്രക്കാർക്ക് മരണം സംഭവിക്കുകയോ, പരിക്ക് ഏൽക്കുകയോ ചെയ്‌താൽ നഷ്‌ടപരിഹാരം ഉറപ്പാക്കുന്ന ബിൽ 2016ൽ പാർലമെന്റ് പാസാക്കിയിരുന്നു. ഇതുകൂടാതെ ബാഗേജുകൾ നഷ്‌ടപ്പെടുകയോ, വിമാനം വൈകുകയോ ചെയ്‌താൽ പോലും കൃത്യമായ നഷ്‌ടപരിഹാരം ഉറപ്പാക്കുന്നതാണ് ഈ ബിൽ. മറ്റുള്ള അപകടങ്ങളിൽ നിന്ന് വ്യത്യസ്‌തമായി എസ് ഡി ആർ ( സ്പെഷ്യൽ ഡ്രോവിംഗ് റൈറ്റ്സ്) അടിസ്ഥാനത്തിലാണ് നഷ്‌ടപരിഹാരം നിശ്‌ചയിക്കുന്നത്. ഇതനുസരിച്ച് അപകടത്തിൽ മരണം സംഭവിച്ചു കഴിഞ്ഞാൽ ഒരു ലക്ഷം എസ് ഡി ആർ മുതൽ 1,13,100 എസ് ഡി ആർ എന്ന കണക്കിലാണ് തുക ലഭിക്കുക. നിലവിലെ വിനിമയ നിരക്കിൽ ഒരു എസ് ഡി ആർ എന്നുപറയുന്നത് 105 ഇന്ത്യൻ രൂപയ്‌ക്ക് തുല്യമാണ്.

ബിൽ അനുസരിച്ച്, വിമാനയാത്രക്കിടെ ബാഗേജുകൾ നഷ്‌ടപ്പെട്ടാൽ 4150 മുതൽ 4694 എസ് ഡി ആർ എന്ന കണക്കിലും, ബാഗേജുകൾക്ക് നാശനഷ്‌ടമോ അതല്ല എത്തുന്നതിന് കാലതാമസമോ നേരിട്ടാൽ 1000 മുതൽ 1131 എസ് ഡി ആർ എന്ന കണക്കിലുമാകും നഷ്‌ടപരിഹാരം ലഭിക്കുക. എല്ലാ അഞ്ച് വർഷം കൂടുമ്പോഴും ഇന്റർ നാഷണൽ സിവിൽ ഏവിയേഷൻ നഷ്‌ടപരിഹാര തുകയുടെ പരിധി പുതുക്കി നിശ്‌ചയിക്കും.

വിമാനടിക്കറ്റ് എടുക്കുമ്പോൾ തന്നെ യാത്രക്കാർ ഇൻഷുറൻസ് പരിരക്ഷയ്‌ക്ക് അർഹരാകും. ക്രെഡിറ്റ് കാർഡുള്ള യാത്രക്കാരാണെങ്കിൽ, കാർഡ് എടുക്കുമ്പോൾ പ്രത്യേക ഇൻഷുറൻസ് അപേക്ഷാഫോറം നൽകിയിട്ടുണ്ടെങ്കിൽ അപകടമരണം സംഭവിച്ചാൽ ആ ഇൻഷുറൻസിനും അർഹരാണ്. രണ്ടുലക്ഷം മുതൽ മുകളിലേക്കാണ് ഇത്തരം നഷ്‌ടപരിഹാരത്തുക. ഇതിനുപുറമേ ട്രാവൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ പ്രീമിയം അനുസരിച്ച് ആ തുകയും ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIR INDIA PLANE CRASH, INSURANCE, AIR PASSENGERS COMPENSATION, KOZHIKODE AIR PLANE CRASH, KARIPOOR FLIGHT CRASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA