SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.24 PM IST

വാക്സിൻ ചലഞ്ച്: നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page

highcourt

പിടിച്ച തുക രണ്ടാഴ്ചയ്ക്കകം തിരിച്ചു നൽകണം

കൊച്ചി: വാക്‌സിൻ ചലഞ്ചിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവു പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഒരു ദിവസത്തെ പെൻഷൻ തുക കെ.എസ്.ഇ.ബി അധികൃതർ പിടിച്ചതിനെതിരെ തിരുവനന്തപുരം സ്വദേശികൾ ഇ.ജി രാജനും എം. കേശവൻ നായരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഹർജിക്കാരിൽ നിന്ന് പിടിച്ച തുക രണ്ടാഴ്ചയ്ക്കകം തിരിച്ചു നൽകണമെന്നും രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരത്തിൽ തുക പിടിക്കില്ലെന്ന് ഉറപ്പു നൽകണമെന്നും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.

ഒരു ദിവസത്തെ പെൻഷൻ തുക വാക്സിൻ ചലഞ്ചിനായി നൽകണമെന്നു വ്യക്തമാക്കി മേയ് 14ന് കെ.എസ്.ഇ.ബി ഉത്തരവിറക്കിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെയാണ് തുക പിടിച്ചതെന്നും ഉത്തരവ് റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ പെൻഷൻകാരുടെ അസോസിയേഷനുകളുമായി കൂടിയാലോചിച്ചാണ് ഉത്തരവ് ഇറക്കിയതെന്നും തുക നൽകാൻ താല്പര്യമില്ലാത്തവർക്ക് ഉടൻ തിരിച്ചു നൽകാമെന്നും കെ.എസ്.ഇ.ബിയുടെ അഭിഭാഷകൻ അറിയിച്ചു. കെ.എസ്.ഇ.ബിക്ക് ഇത്തരത്തിൽ ഉത്തരവ് നൽകാനാവുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആളുകൾ സ്വമേധയാ പണം നൽകുകയാണ് ചെയ്യുന്നതെന്നും നിയമത്തിന്റെ പിൻബലമില്ലാതെ തുക നൽകണമെന്ന് നിർബന്ധിക്കാൻ കഴിയില്ലെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.

TAGS: VACCINE CHALLENGE, HIGH COURT, KSEB, KSEB PENSIONERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY